ജുമൈറ ഗ്രാൻഡ്​ മോസ്ക്

ദുബൈയിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ ഒഴുകിയെത്തുന്ന പള്ളിയാണ് ജുമൈറ ഗ്രാൻഡ് മോസ്ക്. ദുബൈയിലെ ഏറ്റവും മനോഹരമായ പള്ളികളിലൊന്ന്. 1979ൽ ദുബൈ മുൻ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈസ് ആൽ മക്തൂം ഇപ്പോഴത്തെ ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്‍റുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് സമ്മാനമായി നൽകിയ പള്ളിയാണിത്. 'ഫാത്തിമത്' ശൈലിയിൽനിന്ന് ഉടലെടുത്ത സിറിയൻ, ഈജിപത് വാസ്തുവിദ്യകളാൽ സമ്പന്നമാണ് ജുമൈറ പള്ളി. ഒരേസമയം 1500 പേർക്ക് വരെ നമസ്കരിക്കാം. യു.എ.ഇയിലെ 500 ദിർഹം നോട്ടിൽ കാണുന്നത് ഈ പള്ളിയാണ്.

മുസ്ലിംകൾക്കും അമുസ്ലിംകൾക്കുമെല്ലാം സന്ദർശിക്കാം. ദുബൈയിലെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തപ്പെട്ട പള്ളി എന്ന പകിട്ട് ജുമൈറ മോസ്കിനാണ്. മരുഭൂമിയോട് ചേർന്നാണ് പള്ളിയുടെ നിൽപ്. 1960കളിൽ ഇവിടെയൊരു പള്ളിയുണ്ടായിരുന്നു. അത് തകർന്ന ശേഷം 1979ൽ പുനർനിർമിച്ചതാണ് ജുമൈറ മോസ്ക്. നിർമാണ സമയത്ത് ഈ ഭാഗം അത്ര വിജനമായ സ്ഥലമായിരുന്നില്ല. ദുബൈയിലെ മീൻപിടിത്തക്കാരുടെ പ്രധാന കേന്ദ്രമായിരുന്നു അന്ന് ജുമൈറ. പ്രധാനമായും അവരെ ലക്ഷ്യമിട്ടായിരുന്നു പള്ളി നിർമാണം.

നിലവിൽ യു.എ.ഇയിലെ ഏറ്റവും മനോഹര സ്ഥലങ്ങളിലൊന്നായി ജുമൈറ മാറിക്കഴിഞ്ഞു. ഈ വളർച്ചയിൽ പള്ളി നൽകിയ സംഭാവന ചെറുതല്ല. 25 ദിർഹം നൽകി ടിക്കറ്റെടുത്താൽ ഗൈഡിന്‍റെ സഹായത്തോടെ ആർക്കും പള്ളി മുഴുവൻ ചുറ്റി സഞ്ചരിക്കാം. ഇതിനൊപ്പം ലഘു ഭക്ഷണവും ലഭിക്കും. പരമ്പരാഗത അറബ് സംസ്കാരത്തെക്കുറിച്ചെല്ലാം ഗൈഡ് പറഞ്ഞുതരും. ദിവസവും രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ഗൈഡുകളുടെ നേതൃത്വത്തിലുള്ള ടൂർ. ഒരു മണിക്കൂറാണ് ഓരോ ടൂറും. സ്ത്രീകൾക്ക് പർദയോ അബായയോ ഇല്ലാതെ പള്ളിക്കുള്ളിൽ സന്ദർശനത്തിനായി പ്രവേശിക്കാം.

എന്നാൽ, മാന്യമായ വസ്ത്രമായിരിക്കണം ധരിക്കേണ്ടത്. പർദ ധരിക്കണമെന്നുള്ളവർക്ക് അതിനുള്ള സൗകര്യവും ഇവിടെയുണ്ട്. തുറന്ന മനസ്സുകളും തുറന്ന വാതിലുകളും എന്നതാണ് പള്ളിയുടെ തീം. വിദ്വേഷങ്ങൾക്കും വിവേചനങ്ങൾക്കും സ്ഥാനമില്ലെന്നും എല്ലാവരും ഒരുപോലെയാണെന്നുമുള്ള സന്ദേശമാണ് ഇതുവഴി നൽകുന്നത്. ലോകത്തിലെ പ്രധാന പള്ളികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ എക്സിബിഷൻ ഹാളും കാണാം.

ഇന്ത്യയിലെ പള്ളികളുടെ ചിത്രങ്ങളുമുണ്ട്. പരമ്പരാഗത കരകൗശല വസ്തുക്കളുടെ വിൽപനശാലകളും ഇവിടെയുണ്ട്. പള്ളിയോട് ചേർന്ന് ജുമൈറ മജ്ലിസുണ്ട്. അവിടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പള്ളിയിലേക്ക് രണ്ട് കവാടങ്ങളുണ്ട്. ഒന്ന് നമസ്കരിക്കാനെത്തുന്ന വിശ്വാസികൾക്കുള്ളതാണ്. മറ്റൊന്ന് സന്ദർശകർക്കായും. റമദാനിൽ വിശ്വാസികളെയും അല്ലാത്തവരെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുകയാണ് ജുമൈറ ഗ്രാൻഡ് മോസ്ക്.

Tags:    
News Summary - This is the mosque on the 500 dirham note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.