ദുബൈ: വെള്ളിയാഴ്ച രാത്രി നേരത്തെ ഉറങ്ങാൻ കിടന്നവർക്ക് നല്ല കുറേ വാർത്തകൾ കരുതിവെച്ചാണ് ശനിയാഴ്ച നേരം പുലർന്നത്. രണ്ട് വർഷമായി ശരീരത്തിന്റെ ഭാഗമായി കൊണ്ടു നടന്ന മാസ്കിനോട് ബൈ പറയാൻ സമയമായി എന്ന വാർത്ത കേട്ടാണ് പലരും കണ്ണ് തുറന്നത്. യു.എ.ഇയുടെ പുതിയ പുലരിയായിരുന്നു അത്. രണ്ട് വർഷത്തോളമായി ഏർപെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും ഒഴിവായത് പഴയ യു.എ.ഇ തിരിച്ചെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. പി.സി.ആർ പരിശോധന എന്ന വലിയ കടമ്പയും അവസാനിക്കുന്ന സൂചനകളാണ് സർക്കാർ നൽകുന്നത്. രാജ്യം 100 ശതമാനം വാക്സിനിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനങ്ങളുണ്ടായത്.
ചില ഗൾഫ് രാജ്യങ്ങൾ നേരത്തെ തന്നെ ഭാഗീകമായി മാസ്ക് ഒഴിവാക്കിയിരുന്നു. എന്നാൽ, കോവിഡ് വീണ്ടും വ്യാപിച്ചതോടെ മാസ്ക് തിരികെയെത്തി. യു.എ.ഇയിൽ അടച്ചിട്ട സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും മാസ്ക് ഒഴിവാക്കാനാണ് തീരുമാനം. മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇന്നലെ മുതൽ തന്നെ നടപ്പാക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. മാസ്ക് ഒഴിവാക്കിയ ആദ്യ ദിനം തന്നെ പലരും മാസ്കില്ലാതെയാണ് പുറത്തിറങ്ങിയത്. എന്നാൽ, നല്ലൊരു ശതമാനം ആളുകളും മാസ്ക് ധരിച്ചിരുന്നു എന്നതാണ് ശ്രദ്ദേയം. ഇഷ്ടമുള്ളവർക്ക് മാസ്ക് ധരിക്കാം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് ബാധിതരുമായി അടുത്ത ബന്ധം പുലർത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമില്ല എന്നതും ശ്രദ്ദേയമാണ്. പള്ളികളിൽ ബാങ്കും ഇഖാമത്തും തമ്മിലുള്ള സമയ വ്യത്യാസം പഴയ നിലയിലാക്കിയിട്ടുണ്ട്. ബാങ്ക് വിളിച്ചാൽ ഉടൻ ഇഖാമത്ത് കൊടുത്ത് നമസ്കാരം തുടങ്ങുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. പള്ളികളിൽ ഖുർആൻ ഉപയോഗിക്കാം എന്നത് വിശ്വാസികൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.
വിദേശരാജ്യങ്ങളിൽ നിന്ന് യു.എ.ഇയിലേക്ക് വരുന്ന വാക്സിനെടുത്ത യാത്രക്കാർക്ക് പി.സി.ആർ പരിശോധന ആവശ്യമില്ല എന്നതാണ് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ വാർത്ത. റാപിഡ് പി.സി.ആറിന് പിന്നാലെ ആർ.ടി പി.സി.ആറും ഒഴിവാക്കുന്നത് പ്രവാസികളുടെ സാമ്പത്തിക നഷ്ടവും കുറക്കും. മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിക്ക് പോകുന്നവർക്കും കോവിഡ് പരിശോധന ആവശ്യമില്ല. ഒരുപക്ഷെ, മാസ്കിന് പിന്നാലെ നിർബന്ധിത പി.സി.ആർ പരിശോധനയും പഴങ്കഥയായേക്കും.
ഈ തീരുമാനങ്ങൾ യു.എ.ഇയുടെ സാമ്പത്തിക, വിനോദ സഞ്ചാര മേഖലക്ക് നൽകുന്ന ഉണർവ് ചെറുതായിരിക്കില്ല.
ടിക്കറ്റും വിസയുമുള്ള ആർക്കും യു.എ.ഇയിലേക്ക് ഏത് നിമിഷവും കടന്നുവരാം. ജി.ഡി.ആർ.എഫ്.എയുടെയോ ഐ.സി.എയുടെയോ അനുമതി പോലും വേണ്ട. പരിപാടികൾക്ക് 90 ശതമാനം ആളുകളെ അനുവദിക്കാം എന്നതും ശുഭപ്രതീക്ഷ നൽകുന്ന വാർത്തയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.