നേരം ഇരുട്ടി തുടങ്ങുന്നതോടെ അൽഐൻ അബുദാബി റോഡിൽ മഖാം പ്രദേശത്തെ സിഗ്നലിനടുത്ത അറേബ്യൻ ഗം മരം (Acacia nilotica tree) ശുഭ്ര തൂവൽ ധാരികളായ കൊക്കുകളാൽ നിറയും. ഇരുൾ വ്യാപിക്കുന്നതോടെ സിഗ്നലിൽ നിന്നുള്ള പച്ചയും ചുവപ്പും മഞ്ഞയും വെളിച്ചം ഈ കൊക്കുകളിൽ പതിക്കുമ്പോൾ ദീപാലങ്കാരങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടതായി തോന്നും. കൊക്കുകളുടെ ചിറകടിയും കലപില ശബ്ദവുംകൂടിയാകുമ്പോൾ ഉത്സവാന്തരീക്ഷം തന്നെയാണ് രൂപപ്പെടുന്നത്. പകൽ അന്നം തേടിപ്പോകുന്ന കൊക്കുകൾ രാത്രിയാകുന്നതോടെ വിശ്രമിക്കാൻ എത്തുന്നതാണ് ഈ മരത്തിൽ. കൊക്കുകൾ മുഴുവൻ ചേക്കേറുന്നതോടെ വെള്ളക്കുപ്പായമണിഞ്ഞ മട്ടിലാവും മരം.
മരുഭൂമിയിൽ ഇത്രയേറെ കൊക്കുകളെ ഒരുമിച്ചുകാണുന്നത് ആരിലും കൗതുകമുണർത്തും. സിഗ്നലിനോട് ചേർന്ന് റോഡരികിൽ വേറെയും ധാരാളം മരങ്ങളുണ്ടെങ്കിലും കൊക്കുകൾക്ക് പ്രിയം ഈ മരത്തോടാണ്. അബൂദബി, ദുബൈ, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലെ പുൽത്തകിടുകളിലും പാർക്കുകളിലും പാർക്കുകളിലും ഇരതേടി അലയുന്ന വെള്ള കൊക്കുകളെ ധാരാളമായി കാണാറുണ്ടെങ്കിലും അൽഐനിൽ പൊതുവെ അങ്ങനെ കാണാറില്ല. എന്നാൽ, സന്ധ്യ മയങ്ങുന്നതോടെ അൽഐനിെൻറ പല ഭാഗത്തുനിന്നായി മഖാമിലെ ഈ മരത്തിൽവന്ന് കൊക്കുകൾ നിറയുന്നു. നേരം പുലരുന്നതോടെ പറന്നകലുന്ന ഇവ രാത്രികളെ ധന്യമാക്കാൻ വീണ്ടുമെത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.