ദുബൈ: നിയമസഭയെ പൂർണ വിശ്വാസത്തിൽ എടുത്താണ് കെ.എസ്.എഫ്.ഇയുടെചിട്ടി അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിപ്പോന്നിട്ടുള്ളതെന്നും പ്രവാസി ചിട്ടി അടുത്ത നിയമസഭാ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും ധനമന്ത്രി ഡോ. ടി.എം.തോമസ് െഎസക്ക് വ്യക്തമാക്കി. പ്രവാസി ചിട്ടിയെക്കുറിച്ച് ആശങ്ക പരത്തുന്നതിൽ നിന്ന് മുൻ ധനമന്ത്രി കെ.എം. മാണി പിന്തിരിയണമെന്നും ഡോ. െഎസക്ക് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി 1982-ലെ ചിട്ടി നിയമത്തിെൻറ നാലും, അഞ്ചും,ഇരുപതും വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് നടത്തുന്നത് എന്ന മാണിയുടെ ആരോപണം വസ്തുതാ വിരുദ്ധമാണ്. കെ.എസ്.എഫ്.ഇ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ ചിട്ടികളും ചിട്ടി നിയമത്തിലെ നാലും അഞ്ചും ഇരുപതും വകുപ്പുകള്‍ പാലിച്ചു കൊണ്ടു തന്നെയാണ്.
പ്രവാസി ചിട്ടി കേന്ദ്ര ചിട്ടി നിയമത്തിന് അനുസൃതമായി കേരളത്തില്‍ തന്നെയാണ് നടത്തുന്നത്. പ്രവാസികളുടെ സൗകര്യാർഥം ചിട്ടിയില്‍ അംഗത്വമെടുക്കല്‍, ചിട്ടി രജിസ്ട്രേഷന്‍, വരിസംഖ്യ അടയ്ക്കല്‍, ലേലം, ജാമ്യ വ്യവസ്ഥകള്‍, ചിട്ടി തുക നൽകല്‍ എന്നിവയെല്ലാം ഓണ്‍ലൈനായാണ് നടത്തുന്നത്. പ്രവാസി ചിട്ടി ഉപഭോക്താക്കളുടെ ഓൺലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ മാത്രമാണ് ആരംഭിച്ചിച്ചുള്ളത്. ചിട്ടി അനൗൺസ്മെൻറും വരിസംഖ്യ സ്വീകരിക്കലും ഇതുവരെ ആരംഭിച്ചിട്ടില്ല. കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ കിഫ്ബി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന കിഫ്ബിയുടെ സെക്യൂരിറ്റിക്ക് മുതലിനും പലിശക്കും കേരള സർക്കാര്‍ ഗ്യാരണ്ടി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ടിെൻറ ഇരുപതാം വകുപ്പ് പ്രകാരമുള്ള ട്രസ്റ്റി സെക്യൂരിറ്റികളില്‍ കിഫ്ബി ബോണ്ടും ഉൾപ്പെടും.
പ്രവാസി ചിട്ടിയില്‍ നാഷണലൈസ്ഡ് ബാങ്കുകള്‍, എക്സ്ചേഞ്ച് ഹൗസുകള്‍, പേയ്മെൻറ് ഗേറ്റ് വേകള്‍ എന്നിവയെല്ലാം വഴി സ്വരൂപിക്കുന്ന പണം കെ.എസ്.എഫ്.ഇയുടെ ബാങ്ക് അക്കൗണ്ടിലാണ് എത്തുന്നത്. ഇത് ഫെമ നിയമത്തിന് പൂർണമായും വിധേയമാണ്. പ്രവാസികളുടെ ചിട്ടി തുക കിഫ്ബി സ്വരൂപിക്കുന്നില്ല. ബാങ്ക് അല്ലാത്ത കിഫ്ബി ചിട്ടിപ്പണം സ്വരൂപിക്കുന്നുവെന്ന വാദം വസ്തുതകൾക്ക് നിരക്കാത്തതാണ്. 1690 കോടി രൂപയുടെ ആഭ്യന്തര ചിട്ടിയാണ് കെ.എസ്.എഫ്.ഇ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.3540 കോടി രൂപയുടെ സലയ്ക്കുള്ള ചിട്ടി നടത്താനുള്ള പ്രാപ്തി ഇന്ന് കെ.എസ്.എഫ്.ഇക്കുണ്ട്.
കെ.എസ്.എഫ്.ഇ നടത്തുന്ന മുഴുവന്‍ ചിട്ടികളുടേയും ലാഭവിഹിതവും നടത്തിപ്പില്‍ നിന്നുള്ള ഫ്ളോട്ടും പൊതുമേഖല ബാങ്കുകളിലും ട്രഷറിയിലുമാണ് നിക്ഷേപിച്ചു പോന്നിട്ടുള്ളത്. ഇതിെൻറ തുടർച്ചയാണ് കിഫ്ബി ബോണ്ടിലെ നിക്ഷേപവും. വസ്തുതകള്‍ ഇതായിരിക്കെ പ്രവാസി ചിട്ടിയെപറ്റി ആശങ്കകള്‍ ഉണ്ടാക്കുന്നത് സംസ്ഥാനത്തിെൻറ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും ക്രിയാത്മക സംവാദങ്ങൾക്ക് താൻ ഒരുക്കമാണെന്നും ഡോ. െഎസക്ക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.