ശസ്ത്രക്രിയക്ക്​ വിധേയനായ അലിയെ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ് ആശുപത്രിയിലെത്തി സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)

ആ കരങ്ങൾ ഇപ്പോഴും അലിക്കൊപ്പം

അബൂദബി: യു.എ.ഇയുടെ അമരക്കാരനായി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ അധികാരമേൽക്കുമ്പോൾ അദ്ദേഹത്തിന്‍റെ കരുണയുടെ നേരടയാളമായി മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലി ഇപ്പോഴും അബൂദബിയിലുണ്ട്​. നാല്​ വർഷം മുൻപ്​ രോഗക്കിടക്കയിലേക്ക്​ വീണുപോയ അലിയെ ആശുപത്രിയിലെത്തി സന്ദർശിച്ച ശൈഖ്​ മുഹമ്മദ് തന്നെയാണ്​ ഇപ്പോഴും അദ്ദേഹത്തിന്​ കരുതലിന്‍റെ കരവലയമൊരുക്കുന്നത്​. രോഗബാധിതനായ ശേഷം ജോലിയിൽ നിന്ന്​ വിശ്രമം അനുവദിച്ചെങ്കിലും രാജകുടുംബത്തിന്‍റെ വിസയും താമസവും ശമ്പളവുമൊന്നും ഇപ്പോഴും മുടങ്ങിയിട്ടില്ല.

തലച്ചോറിൽ രക്​തം കട്ടപിടിച്ചതിനെ തുടർന്ന്​ 2018 ഡിസംബർ 23നാണ് ശൈഖ്​ മുഹമ്മദിന്‍റെ പേഴ്​സനൽ സ്റ്റാഫ്​ അംഗമായ​​ മലപ്പുറം കുറുവ പഴമള്ളൂർ മുല്ലപ്പള്ളി അലി (60) അബൂദബിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക്​ വിധേയനായത്​. വിവരം ലഭിച്ചയുടൻ കിരീടാവകാശിയുടെ ഓഫിസിൽ നിന്ന്​ അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച്​ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശൈഖ്​ മുഹമ്മദിന്‍റെ നിർദേശപ്രകാരം അബൂദബിയിലെ ഏറ്റവും മികച്ച ആശുപത്രിയിലായിരുന്നു ചികിത്സ. ശസ്ത്രക്രിയക്ക്​​ ശേഷം കൂടുതൽ ശ്രദ്ധ നൽകുന്നതിനായി റോയൽ കോർട്ട്​ ഓഫിസ്​ ഇടപെട്ട്​ ക്ലീവ്​ ലാൻഡ്​ ആശുപത്രിയിലേക്ക്​ മാറ്റി.

ശസ്ത്രക്രിയ കഴിഞ്ഞ്​ രണ്ട്​ ദിവസം കഴിഞ്ഞപ്പോൾ ആശുപത്രിയിൽ ഒരു വിശിഷ്ടാതിഥി എത്തി, സാക്ഷാൽ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ. അന്ന്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായിരുന്നു ശൈഖ്​ മുഹമ്മദ്​. കൂടുതൽ ആരോഗ്യത്തോടെ തിരിച്ചുവരണമെന്ന്​ കൈകൾ ചേർത്ത്​ പിടിച്ച് ആശംസിച്ചാണ്​ അദ്ദേഹം​ മടങ്ങിയത്​. അന്ന്​ ചേർത്തുപിടിച്ച കരങ്ങൾ ശൈ​ഖ്​ മുഹമ്മദ്​ ഇപ്പോഴും കൈവിട്ടിട്ടില്ല.

അബൂദബി സർക്കാരിന്‍റെ വിസയിലാണ്​ അലിയും കുടുംബവും ഇപ്പോഴും യു.എ.ഇയിൽ തങ്ങുന്നത്​. ശസ്ത്രക്രിയക്ക്​ ശേഷം വിശ്രമിക്കാനും ജോലിക്ക്​ വ​രേണ്ടെന്നുമായിരുന്നു നിർദേശം. എന്നാൽ, അന്ന്​ കിട്ടിയിരുന്ന ആനുകൂല്യങ്ങളൊന്നും ഇന്നും മുടങ്ങാതെ ലഭിക്കുന്നു. ഈ രാജ്യത്തെയും ഇവിടുത്തെ ഭരണാധികാരികളെയും ഇപ്പോഴും ലോകം നെഞ്ചോട്​ ചേർക്കുന്നത്​ ഇതുകൊണ്ടൊക്കെയാണെന്ന്​ അലി പറയുന്നു. 16ാം വയസിൽ യു.എ.ഇയിൽ എത്തിയ അലി മൂന്ന്​ പതിറ്റാണ്ടിലേറെ അബൂദബി കൊട്ടാരത്തിലെ ജീവനക്കാരനായിരുന്നു. ശൈഖ്​ മുഹമ്മദിന്‍റെ പല ​വിദേശ യാത്രകളിലും അലിയും ഒപ്പമുണ്ടായിരുന്നു. ഭാര്യ റംല, മക്കളായ നസീബ്​, നസീർ, നിസാർ എന്നിവർക്കൊപ്പം അബൂദബിയിലാണ്​ അലിയുടെ താമസം. 

Tags:    
News Summary - Those hands are still with Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.