ദുബൈ: നാട്ടിൽ വാക്സിനെടുത്തവർക്കും ആഗസ്റ്റ് 15 മുതൽ യാത്രക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ്(ഐ.സി.എ) അനുമതിക്കായി അപേക്ഷിക്കാം. രാജ്യത്തെ കോവിഡ് സാഹചര്യം വിശദീകരിക്കാനായി വിളിച്ചുചേർത്ത വീക്ക്ലി വാർത്താസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
യു.എ.ഇയിൽ അംഗീകരിച്ച വാക്സിൻ ആയിരിക്കണം. ഇതോടെ ഇന്ത്യയിൽ കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യു.എ.ഇയിലേക്ക് വരാനായി അപേക്ഷിക്കാൻ വഴിയൊരുങ്ങി. വാക്സിനേഷൻ സർട്ടിഫിക്കറ്റും മറ്റു ആവശ്യമായ വിവരങ്ങളും നൽകിയാണ് ഐ.സി.എ വെബ്സൈറ്റിൽ അപേക്ഷിക്കേണ്ടത്. രാജ്യത്തേക്ക് വരാൻ ആവശ്യമായ മറ്റു കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബൈ ഒഴികെയുള്ള എമിറേറ്റുകളിലേക്ക് നിലവിൽ യു.എ.ഇയിൽ വാക്സിനെടുത്തവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുന്നത്. ഇക്കാര്യത്തിലാണ് 15മുതൽ മാറ്റമുണ്ടാവുക. സ്പുട്നിക്, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ, നോവവാക്സ്, ആസ്ട്രസെനിക(കോവിഷീൽഡ്), ഫൈസർ, സിനോഫാം എന്നിവയാണ് യു.എ.ഇ അംഗീകരിച്ച വാക്സിനുകൾ. ദുബൈ റെസിഡൻറ് വിസക്കാർക്ക് നിലവിൽ ദുബൈയിലേക്ക് വരാൻ വാക്സിനേഷൻ നിർബന്ധമില്ലെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.