ദുബൈ: സൗന്ദര്യവർധക ശസ്ത്രക്രിയക്ക് വിധേയമാക്കുകയും മുഖ രൂപത്തിൽ മാറ്റം വരുത്തുകയും ചെയ്ത യാത്രക്കാർ പാസ്പോർട്ടിലെ ഫോട്ടോ ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി. ആർ.എഫ്.എ) ആവശ്യപ്പെട്ടു. മുഖത്ത് സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് വ്യക്തിഗത ഫോട്ടോ അപ്ഡേറ്റ് ചെയ്യേണ്ടത്. പാസ്പോർട്ട് കൈപ്പറ്റിയ ശേഷം മൂക്ക്, കവിൾ, താടി എന്നിവയുടെ ആകൃതിയിലുള്ള അടിസ്ഥാന മാറ്റങ്ങൾ വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം. വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഇമിഗ്രേഷൻ സംവിധാനത്തിൽ ശരിയായ ഡേറ്റ ലഭിക്കുന്നത് വരെ സൗന്ദര്യ ശസ്ത്രക്രിയ നടത്തിയവരെ പരിശോധനക്കായി നിർത്തുകയും ചില ഘട്ടങ്ങളിൽ അവരുടെ ഫ്ലൈറ്റുകൾ നഷ്ടപ്പെടാനിടയാക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ജി.ഡി. ആർ.എഫ്.എ നിർദേശം.
ദുബൈ വിമാനത്താവളങ്ങളിലൂടെ എത്തുന്ന യാത്രക്കാരുടെ രേഖകളുടെ കൃത്യത പരിശോധിക്കുന്നതിൽ ജി.ഡി.ആർ.എഫ്.എ അന്താരാഷ്ട്ര പ്രശംസ നേടുകയും ചെയ്തു. ഏറ്റവും പുതിയതും ഉയർന്ന കൃത്യതയുള്ളതുമായ നൂതന സാങ്കേതികവിദ്യകളാണ് എയർപോർട്ടുകളിലുള്ളത്. വിവിധ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിർമിത ബുദ്ധിയും അത്യാധുനിക ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നതെന്ന് ദുബൈ എയർപോർട്ടിലെ ഡോക്യുമെന്റ് എക്സാമിനേഷന്റെ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹ്മദ് അൽ നജ്ജാർ പറഞ്ഞു. കൃത്രിമ യാത്രാ രേഖകളുമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാരെ പിടികൂടുന്നതിന് ദുബൈ ഇമിഗ്രേഷനിൽ ഫലപ്രദമായ സംവിധാനം ഉണ്ടെന്ന് അഖീൽ അഹ്മദ് അൽ നജ്ജാർ വ്യക്തമാക്കി. 2024 വർഷത്തെ ആദ്യ മൂന്നുമാസത്തിനുള്ളിൽ 366 കൃത്രിമ യാത്രാ രേഖകളാണ് പിടികൂടിയതെന്ന് വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.