ദുബൈ: കെനിയയിലെ ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ വളർച്ചക്ക് മൂന്നുകോടി ദിർഹം അനുവദിച്ച് ഖലീഫ ഫണ്ട്. വ്യവസായ വികസനത്തിന് ഏർപ്പെടുത്തിയ പ്രത്യേക ഫണ്ടാണ് സമ്പദ്വ്യവസ്ഥയുടെ വളർച്ച ലക്ഷ്യംവെക്കുന്ന പദ്ധതികൾക്കുവേണ്ടി ചെലവിടുന്നത്. ഖലീഫ ഫണ്ടുമായി കെനിയൻ അധികൃതർ ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് ഫണ്ട് കൈമാറുന്നത്. ഇടത്തരം-ചെറുകിട വ്യവസായ മേഖല മെച്ചപ്പെടുത്തുന്നതിലൂടെയും യുവാക്കൾക്കും സ്ത്രീകൾക്കുമിടയിൽ സംരംഭകത്വ സംസ്കാരം പ്രചരിപ്പിക്കുന്നതിലൂടെയും സാമ്പത്തിക വികസനം കൈവരിക്കാനുള്ള കെനിയൻ ഗവൺമെന്റിന്‍റെ ശ്രമങ്ങളെ പിന്തുണക്കലാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് 'ഖലീഫ ഫണ്ട്' ചീഫ് എക്സിക്യൂട്ടിവ് അലിയ അൽ മസ്റൂയി പറഞ്ഞു.
കോവിഡാനന്തരം ഏറ്റവും വേഗത്തിൽ തിരിച്ചുവരവ് പ്രകടമാക്കിയ ആഫ്രിക്കയിലെ സമ്പദ്വ്യവസ്ഥയാണ് കെനിയയുടേത്. ഖലീഫ ഫണ്ടുമായി ഒപ്പുവെച്ച കരാറനുസരിച്ച് മൂവായിരം പദ്ധതികളാണ് സഹായമുപയോഗിച്ച് നടപ്പാക്കുക. ഇതിൽ 40 ശതമാനം പദ്ധതികളും സ്ത്രീകൾക്ക് വേണ്ടിയായിരിക്കും. ഇതിലൂടെ 13,000 തൊഴിലവസരങ്ങൾ യുവാക്കൾക്ക് തുറക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.