അജ്മാന്: മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി മോയിൻകുട്ടി സ്വദേശമായ കോട്ടക്കലിലേക്ക് മടങ്ങുന്നു. 1993 മാര്‍ച്ചിലാണ് മലപ്പുറം കോട്ടക്കല്‍ പുലിക്കോട് കരിമ്പനക്കൽ മോയിൻകുട്ടി ആദ്യമായി പ്രവാസിയായി ദുബൈയില്‍ വന്നിറങ്ങുന്നത്. 1993 മുതല്‍ 1994 വരെ ദുബൈയിലെ ടൈപ്പിങ് സ്ഥാപനത്തിലായിരുന്നു ജോലി. പിന്നീട് 1994 മുതല്‍ 2008 വരെ അൽ ഖലീജ് പത്രത്തിൽ ന്യൂസ് ബോയ് ആയി ജോലി ചെയ്തു.
ഈ കാലയളവില്‍ നിരവധി സ്വദേശികളായ ഉയര്‍ന്ന ഉദ്യോഗസ്ഥരെവരെ അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചിരുന്നു. 2008 മുതല്‍ 2020 വരെ സൂപ്പർവൈസറായിരുന്നു ഇദ്ദേഹം. കോവിഡ് കാലഘട്ടത്തില്‍ ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു.
പിന്നീട് ഡോക്ടര്‍ ഗഫൂറിന്റെ ആഭിമുഖ്യത്തില്‍ അജ്മാനിൽ ആരംഭിച്ച ജബൽ സീന മെഡിക്കൽ സെന്ററില്‍ 2020 മുതല്‍ പബ്ലിക് റിലേഷന്‍ ഓഫിസറായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. രണ്ട് പെണ്മക്കളും വിവാഹിതരായപ്പോള്‍ വീട്ടില്‍ പ്രായമായ ഉമ്മയും ഭാര്യയും തനിച്ചായതോടെ അവരുടെ പരിചരണം ലക്ഷ്യംവെച്ചാണ് മോയിൻകുട്ടി പ്രവാസം അവസാനിപ്പിക്കുന്നത്.
പുലിക്കോട് മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ജീവിത സാഹചര്യവും മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസവും നിരവധി രാജ്യങ്ങളില്‍നിന്നുള്ള മനുഷ്യരുമായി ബന്ധങ്ങളുണ്ടാക്കാനും കഴിഞ്ഞതാണ് ഈ കാലയളവിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്ന് മോയിന്‍ കുട്ടി അനുസ്മരിക്കുന്നു. നാട്ടിലെത്തിയാല്‍ സുഹൃത്തിന്റെ ഏര്‍പ്പാടുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.