ദുബൈ: മലയാളികളുടെ ദേശീയോത്സവത്തിന്‍റെ പ്രവാസലോകത്തിലെ പതിപ്പിന് ഇനി മൂന്നു നാൾകൂടി. ഓണത്തിന്‍റെ പൊലിമയും ആഘോഷവും പ്രവാസലോകത്തിന് പകർന്നുനൽകുന്ന 'ഗൾഫ് മാധ്യമം'-സഫീർ മാൾ 'ഓണോത്സവ'ത്തിന് ശനിയാഴ്ച കൊടിയേറും. ഷാർജ സഫീർ മാർക്കറ്റിൽ ഉത്സവാന്തരീക്ഷത്തിൽ നടക്കുന്ന പരിപാടിയുടെ അന്തിമഘട്ട ഒരുക്കങ്ങൾ നടന്നു വരുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചക്ക് ഒന്നു മുതലാണ് പരിപാടി. കുടുംബങ്ങളുടെ ആഘോഷത്തിനു കൂടിയാണ് സഫീർ മാർക്കറ്റ് വേദിയൊരുക്കുക.
നാട്ടിലെ ഓണാഘോഷം കഴിഞ്ഞെങ്കിലും ഗൾഫിലെ ആഘോഷങ്ങൾ തുടങ്ങുന്നതേയുള്ളൂ. ഷാർജയിലെ ഏറ്റവും വലിയ ഓണാഘോഷമായി മാറാനൊരുങ്ങുന്ന 'ഓണോത്സവ'ത്തിൽ കോളജ് അലുമ്നികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്‍റ്സും സഹകരിക്കുന്നു.
വടംവലി, പൂക്കളം, പായസമത്സരം, കുടുംബപാചകം, കുട്ടികളുടെ ചിത്രരചന, ദമ്പതി മത്സരം എന്നിവയാണ് പ്രധാന മത്സരങ്ങൾ. രജിസ്ട്രേഷൻ ആരംഭിച്ചതുമുതൽ പങ്കെടുക്കാൻ താൽപര്യമുള്ളവരുടെ ഒഴുക്കായിരുന്നു. ഇതോടെ ദിവസങ്ങൾക്കുള്ളിൽതന്നെ പല മത്സരങ്ങളുടെയും രജിസ്ട്രേഷൻ പൂർത്തിയായി. എങ്കിലും, അന്നേ ദിവസം സഫീർ മാളിലെത്തുന്നവർക്കായി മറ്റു തത്സമയ മത്സരങ്ങളും സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്. കുസൃതിച്ചോദ്യങ്ങളും രസകരമായ മത്സരങ്ങളുമെല്ലാം സഫാരി മാർക്കറ്റിൽ അരങ്ങുതകർക്കും. കരുത്തന്മാരും മുൻ ചാമ്പ്യന്മാരുമായ ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം ആവേശപ്പോരായിരിക്കുമെന്നുറപ്പ്. ടീമുകളുടെ പരിശീലനം ദുബൈയിലും ഷാർജയിലുമായി നടക്കുന്നുണ്ട്. വ്യത്യസ്തമായ ഓണപ്പൂക്കളമൊരുക്കുന്നവരെ കാത്തിരിക്കുന്നത് കാഷ് പ്രൈസ് ഉൾപ്പെടെയുള്ള മികച്ച സമ്മാനങ്ങളാണ്.
ഓണോത്സവത്തിലെ ഏറ്റവും രസകരമായ മത്സരങ്ങളിൽ ഒന്നാണ് കപ്പ്ൾ കോൺടസ്റ്റ്. വിദഗ്ധ ജഡ്ജുമാരുടെ നേതൃത്വത്തിലുള്ള പാനലാണ് വിധി നിർണയിക്കുന്നത്. വിവിധ തലങ്ങളിലൂടെയാണ് മത്സരം പുരോഗമിക്കുക. വീട്ടകങ്ങളിൽ കുടുംബത്തോടൊപ്പമുള്ള പാചകവും സ്പെഷൽ ഡിഷുകളും മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കാനും സമ്മാനം വാരിക്കൂട്ടാനുമുള്ള വേദിയാണ് കുടുംബ പാചക മത്സരം.
പായസമത്സരവും രുചിയുടെ പെരുമ തീർക്കും. ചിത്രരചന മത്സരത്തിൽ നൂറുകണക്കിന് കുരുന്നുകൾ പ്രതിഭ തെളിയിക്കും. കളിചിരികൾ നിറഞ്ഞ ഓണോത്സവത്തിൽ അവതാരകരായി എത്തുന്നത് യു.എ.ഇയിലെ സെലിബ്രിറ്റി അവതാരകരായിരിക്കും. കുടുംബസമേതം ഒരുമിച്ച് ചേരാനും ചിരിച്ചുല്ലസിക്കാനുമുള്ള വേദിയായിരിക്കും ഓണോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.