എക്സ്പോക്ക് കൊടിയുയരുന്നതിന് മുൻപ് തന്നെ സൗദി മൂന്ന് ലോകറെക്കോഡുകൾ കുറിച്ചുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജലാശയക്കാഴ്ച, എൽ.ഇ.ഡി മിറർ സ്ക്രീൻ, ചർച്ച വേദി എന്നിവയാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരിക്കുന്നത്.
8000 എൽ.ഇ.-ഡി ലൈറ്റുകളുടെ അകമ്പടിയോടെയാണ് ചർച്ചാവേദി ഒരുക്കിയിരിക്കുന്നത്. 32 മീറ്റർ നീളത്തിൽ ജലവിസ്മയവും ഒരുങ്ങുന്നുണ്ട്. 13,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ആറ് നിലകളിലായി ഉയരുന്ന പവലിയൻ ലോകത്തിലേക്ക് തുറന്നിരിക്കുന്ന രീതിയിലാണ് നിർമിക്കുന്നത്.
എൽ.ഇ.ഡി വിസമയം
എൽ.ഇ.ഡി ൈലറ്റുകൾ ഉപയോഗിച്ചുള്ള വിസ്മയം തീർത്തായിരിക്കും സൗദി പവലിയൻ മിന്നിത്തിളങ്ങുന്നത്. 68 ചതുരശ്ര മീറ്ററിലുള്ള എൽ.ഇ.ഡി സ്ക്രീനാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. 1302.5 ചതുരശ്ര മീറ്ററിൽ എൽ.ഇ.ഡി ഇൻറർ ആക്ടീവ് ഡിജിറ്റൽ മിററും ഒരുങ്ങുന്നുണ്ട്. സൗദിയുടെ വിശാലമായ മരുഭൂമികൾ, മനോഹര തീരങ്ങൾ, കടലുകൾ, മലനിരകൾ തുടങ്ങിയവയെല്ലാം പവലിയനുള്ളിൽ ആസ്വദിക്കാൻ കഴിയും. ആസിർ മേഖലയിലെ അൽ ബർദാനി താഴ്വര, തബൂക്ക് മലനിരകൾ തുടങ്ങിയ സ്ഥലങ്ങളിലൂടെ സന്ദർശകരെ കൂട്ടിക്കൊണ്ടുപോകും.
സൗദിയുടെ 14 സാംസ്കാരിക ലാൻഡ്മാർക്കുകളും യുനസ്കോയുടെ പൈതൃക സൈറ്റുകളായ അഡ്ദിരിയയിലെ അൽ തുറൈഫ്, ഹെഗ്ര ആർക്കിയോളജിക്കൽ സൈറ്റ്, ജിദ്ദ, ഹൈലിലെ റോക്ക് ആർട്ട്, അൽ അഹ്സാ ഒയാസീസ് എന്ന സ്ഥലങ്ങളുടെ നേർക്കാഴ്ചകൾ ഇവിടെ ആസ്വദിക്കാം. സുസ്ഥിര വികസനത്തിെൻറ പുതുമാതൃകകൾ തീർക്കുന്ന ഖിദ്ദിയ, ദിരിയ ഗേറ്റ്, കിങ് സൽമാൻ പാർക്ക് എന്നിവയെ കുറിച്ച് അറിയാൻ ഓഡിയോ- വിഷ്വൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹരിത മാനദണ്ഡം പാലിച്ച് നിർമിച്ചതിനാൽ യു.എസ് ഗ്രീൻ ബിൽഡിങ് കൗൺസിലിെൻറ ലീഡ് പ്ലാറ്റിനം സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.
കാത്തിരിക്കുന്നത് 220 പരിപാടികൾ
എക്സ്പോയിലൂടെ ലോകം കാണാൻ പോകുന്നത് 220 പ്രത്യേക പരിപാടികളാണ്. സംഘാടകർ പുറത്തിറക്കിയ എക്സ്പോ കലണ്ടറിലാണ് ഇതിെൻറ വിശദാംശങ്ങൾ പുറത്തുവിട്ടത്. 'മനസുകളെ ഇണക്കി, ഭാവി സൃഷ്ടിക്കാം' എന്ന എക്സ്പോ തീമിനെ അടിസ്ഥാനമാക്കിയാണ് പരിപാടി തയ്യാറാക്കിയത്. ചിന്തകളുടെ പങ്കുവെക്കൽ, സംഭാഷണങ്ങൾ, വർക്ഷോപ്പുകൾ, ഗെയിമുകൾ എന്നിവയിലൂടെ വലിയ ചോദ്യങ്ങൾ ഉയർത്തുകയും പരിഹാരങ്ങൾ തേടുകയും ചെയ്യും. ഭൂമിയെയും ജൈവവൈവിധ്യങ്ങളെയും നിലനിർത്തുന്നതിനെ കുറിച്ച ആലോചനകൾ, എല്ലാവർക്കും ആരോഗ്യവും വിദ്യാഭ്യാസവും ലഭ്യമാക്കാനുള്ള ചിന്തകൾ, മനുഷ്യ ജീവിതത്തിന് സുസ്ഥിരത കൈവരിക്കാനുള്ള സംഭാഷണങ്ങൾ എല്ലാം അടങ്ങിയതായിരിക്കും പരിപാടി.
മനുഷ്യനും ഭൂമിക്കും വേണ്ടിയുള്ള പരിപാടികൾ അഞ്ചു 'പാത'കളിലായാണ് വിന്യസിച്ചിരിക്കുന്നത്. 'പാലങ്ങൾ പണിയുക' എന്ന തീമിലാണ് കൾചറൽ ട്രാക്ക്. 'ആരും പിന്നിലാകരുത്'എന്ന തീമിലൂടെ സാമൂഹിക സമത്വത്തിനാണ് ഊന്നൽ നൽകുന്നത്. 'സന്തുലിതമായി ജീവിക്കുക' എന്ന തീമിൽ ആഗോളതാപനമടക്കമുള്ള പരിസ്ഥിതി വിഷയങ്ങൾ ചർച്ചക്കെത്തും. 'ഒരുമിച്ച് അതീജീവിക്കുക' എന്ന തലക്കെട്ടിലെ ട്രാക്കിലൂടെ അവസരങ്ങൾ എല്ലാവർക്കും ലഭ്യമാവുക എന്ന ആശയത്തെ മുന്നോട്ടുവെക്കുന്നു. 'വിഷൻ 2071' എന്നതാണ് അവസാന പദ്ധതി. യു.എ.ഇയുടെ ഭാവിയിലേക്ക് ലക്ഷ്യമിട്ടായിരിക്കും ഈ പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.