ദുബൈ: വ്യാപാരാവശ്യങ്ങള്‍ക്കായി യു.എ.ഇയിലെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത 55 കോടി ദിർഹമിന്റെ (ആയിരം കോടി രൂപ) തിരിച്ചടവ് മുടങ്ങിയതാണ് അറ്റ്ലസ് രാമചന്ദ്രന് വിനയായത്. അഞ്ചുകോടി ദിര്‍ഹമിന്റെ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്നാണ് ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ മറ്റ് ബാങ്കുകൾക്കും വിശ്വാസം നഷ്ടപ്പെട്ടു. 15 ബാങ്കുകള്‍ ചേര്‍ന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. റിഫ, നായിഫ്, ബര്‍ദുബൈ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ പരാതിയെത്തി. 2015 ആഗഗസ്റ്റ് 23ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 34 ദശലക്ഷം ദിര്‍ഹമിന്റെ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയതായിരുന്നു അറസ്റ്റിന് ആസ്പദമായ കേസ്. ഇതിനിടെ സമാനമായ കേസിൽ മകള്‍ മഞ്ജുവും മരുമകന് അരുണും ജയിലിലായി. കടുത്ത ജാമ്യ വ്യവസ്ഥകളോടെ മഞ്ജു ജയിൽ മോചിതയായി. വിവിധ രാജ്യങ്ങളിലെ സ്വത്തുക്കള്‍ വിറ്റ് കടബാധ്യത തീര്‍ക്കാമെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍, ഇതിൽ തുടർനടപടിയുണ്ടായില്ല. ഒക്ടോബര്‍ 28നാണ് മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. അദ്ദേഹം അറസ്റ്റിലായതോടെ യു.എ.ഇയിലെ 19 ജ്വല്ലറികളുടെയും പ്രവര്‍ത്തനം താളം തെറ്റി. സൗദി, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലെ ബിസിനസും തകിടം മറിഞ്ഞു. ഷോപ്പുകൾ അടഞ്ഞപ്പോൾ 50 ലക്ഷം ദിർഹമിന്റെ സ്വർണ, വജ്രാഭരണങ്ങൾ ഇവിടെയുണ്ടായിരുന്നു. തൽക്കാലം കടം വീട്ടാൻ 15 ലക്ഷം ദിർഹമിന്റേത് കിട്ടിയ വിലക്ക് വിറ്റു. എന്നാൽ, ഇതിലേറെ സ്വർണം ജ്വല്ലറിയിൽ നിന്ന് അപ്രത്യക്ഷമായി. ആനുകൂല്യം ആവശ്യപ്പെട്ട് ജീവനക്കാർ വീട്ടിലെത്തി പ്രതിഷേധിച്ചു. കിട്ടിയ പണം കൊണ്ട് എല്ലാവരുടെയും ആനുകൂല്യം നൽകി.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസർക്കാർ, വ്യവസായികൾ എന്നിവരുടെ നേതൃത്വത്തിൽ 'രക്ഷാപ്രവർത്തനം' നടക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, മോചനം അനിശ്ചിതമായി നീണ്ടു. ബാങ്കുകളുമായി സംസാരിച്ച് ഒത്തുതീർപ്പായതിനെ തുടർന്നാണ് 2018ൽ ജയിൽമോചിതനായത്. ഈ കാലമത്രയും അദ്ദേഹത്തെ പുറത്തിറക്കാനുള്ള ഓട്ടത്തിലായിരുന്നു പ്രിയ പത്നി ഇന്ദു എന്ന് വിളിക്കുന്ന ഇന്ദിര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.