ദുബൈ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമാതോമസിന് ഏറ്റവും കൂടുതൽ വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത് വിവാദമായതോടെ വിശദീകരണവുമായി കോൺഗ്രസിന്‍റെ പ്രവാസി സംഘടനയായ ഇൻകാസ് യൂത്ത് വിങ്. പ്രവർത്തകർക്ക് പ്രചോദനം പകരാനാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നും വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയല്ലെന്നും അവർ അറിയിച്ചു.
പ്രവർത്തകർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസമാണ് ഇൻകാസ് യൂത്ത് വിങ് യു.എ.ഇ കമ്മിറ്റി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയത്. സംഘടനക്കെതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം. സ്വരാജ് ചീഫ് ഇലക്ടറർ ഓഫിസർക്കും ജില്ല തെരഞ്ഞെടുപ്പ് ഓഫിസർക്കും പരാതി നൽകിയിരുന്നു. ഉമാ തോമസിന്‍റെ ചിത്രം വെച്ച് പ്രചരിപ്പിച്ച ഈ പരസ്യം വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നതാണെന്നും സ്വരാജ് പരാതിയിൽ സൂചിപ്പിച്ചിരുന്നു.
സ്വരാജിന്‍റെ പരാതിയെ നിയപരമായി നേരിടുമെന്ന് ഇൻകാസ് യൂത്ത് വിങ് യു.എ.ഇ പ്രസിഡന്‍റ് ഹൈദർ തട്ടത്താഴത്ത് പറഞ്ഞു. പ്രവാസ ഭൂമികയിൽ നിന്നുകൊണ്ട് ഇലക്ഷൻ പ്രചരണത്തിൽ പങ്കാളികളാവാൻ സാധിക്കാത്തതിനാലാണ് ബൂത്ത് തലത്തിലെ സാധാരണ പ്രവർത്തകർക്ക് ആവേശവും ഉത്തേജനവും പകരാൻ സ്നേഹ സമ്മാനം നൽകാൻ തീരുമാനിച്ചത്. സദുദ്ദേശത്തോട് കൂടി മാത്രമാണിത് ചെയ്തത്. വോട്ടർമാരെ നേരിട്ട് സ്വാധീനിക്കാനോ പാരിതോഷികങ്ങൾ നൽകാനോ ഞങ്ങൾ തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണങ്ങൾക്കും മറ്റും എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യാറുള്ളതിലുപരി ഒന്നും തങ്ങൾ ചെയ്തിട്ടില്ല.
പ്രസ്ഥാനത്തിൽ നിൽക്കുന്ന വീണിടം വിഷ്ണു ലോകമാക്കുന്ന ഒരു പ്രവാസി നേതാവും ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. നിയമപരമായും രാഷ്ട്രീയമായും ധാർമികമായും ഉത്തരവാദിത്വം ഇൻകാസ് യൂത്ത് വിങ് യു.എ.ഇ കമ്മിറ്റി ഏറ്റെടുക്കുന്നു. പ്രസ്ഥാനത്തേയോ സ്ഥാനാർഥിയെയോ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പ്രവർത്തിച്ചിട്ടില്ല. മാധ്യമങ്ങളിൽ വരുന്നത് പോലെ തങ്ങളുടെ വെബ് സൈറ്റ് ആരും ബ്ലോക്ക് ചെയ്തിട്ടില്ലെന്നും ഹൈദർ തട്ടാഴത്ത് വ്യക്തമാക്കി.
വിവാദമായെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഇൻകാസ് പോസ്റ്റർ നീക്കം ചെയ്തിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ വി.ടി. ബൽറാമിന് കൂടുതൽ ലീഡ് നേടിക്കൊടുക്കുന്ന ബൂത്തിന് 21001 രൂപ ഇൻകാസ് പ്രഖ്യാപിച്ചത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.