ദുബൈ: തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്‍റെ റെക്കോഡ് വിജയത്തിൽ പ്രവാസലോകത്തും ആഹ്ലാദം. യു.ഡി.എഫിനെ പിന്തുണക്കുന്ന പ്രവാസി സംഘടനകളായ ഇൻകാസ്, കെ.എം.സി.സി തുടങ്ങിയവ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഹ്ലാദം പങ്കിട്ടത്. പ്രവൃത്തി ദിനമായതിനാൽ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു ആഘോഷം. രാത്രിയിൽ വിവിധ സംഘടനകൾ യോഗം ചേരുകയും സ്ഥാനാർഥിക്കും പ്രവർത്തകർക്കും അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇക്കുറി യു.എ.ഇയും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് ഇൻകാസ് യൂത്ത് വിങ് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ഉമ തോമസിന്‍റെ ചിത്രം വെച്ച് പ്രചരിപ്പിച്ച ഈ പരസ്യം വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നതാണെന്ന് കാണിച്ച് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം. സ്വരാജ് ചീഫ് ഇലക്ടറൽ ഓഫിസർക്കും ജില്ല തെരഞ്ഞെടുപ്പ് ഓഫിസർക്കും പരാതി നൽകിയിരുന്നു. ഇതിനെതിരെ ഇൻകാസ് യു.എ.ഇ യൂത്ത് വിങ്ങും രംഗത്തുവന്നു. ഈ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഇൻകാസ് നേതാക്കൾ നേരിട്ട് തൃക്കാക്കരയിൽ എത്തിയായിരുന്നു പ്രചാരണം നടത്തിയത്.
• ഇന്ത്യൻ ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും മിന്നുന്ന വിജയമാണിതെന്ന് ഇൻകാസ് യു.എ.ഇ ആക്ടിങ് പ്രസിഡന്‍റ് ടി.എ. രവീന്ദ്രൻ, ആക്ടിങ് ജനറൽ സെക്രട്ടറി ചന്ദ്രപ്രകാശ് ഇടമന എന്നിവർ പറഞ്ഞു. കോൺഗ്രസിന്‍റെ അന്ത്യം കാണാൻ കൊതിക്കുന്ന സി.പി.എമ്മിന് കിട്ടിയ കനത്ത തിരിച്ചടിയാണിത്. കോൺഗ്രസ് പ്രവർത്തകർക്ക് ആവേശവും കരുത്തും നൽകുന്നതാണ് ഉമ തോമസിന്‍റെ ഉജ്ജ്വല വിജയം. സി.പി.എം ഭരണത്തിന്‍റെ വ്യക്തമായ വിലയിരുത്തലാണിതെന്നും അവർ കൂട്ടിചേർത്തു.
• ജാതിമത ചിന്തകൾക്കുപരി മതേതര സ്വഭാവം കാത്തുസൂക്ഷിക്കുന്ന കേരളീയരുടെ മനസ്സിലേക്ക് വോട്ടുരാഷ്ട്രീയത്തിനായി വർഗീയ ചിന്തകൾ കുത്തിവെച്ച ഇടതുമുന്നണിക്കേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഒ.ഐ.സി.സി ഇൻകാസ് മിഡിൽ ഈസ്റ്റ് കൺവീനർ അഡ്വ. ഹാഷിക് തൈക്കണ്ടി. ജാതിമത വർഗീയ ശക്തികളെ പടിക്കുപുറത്ത് നിർത്തിയതിന്‍റെ തെളിവാണിത്. സി.പി.എം പ്രവർത്തകർക്കുപോലും നിലപാട് പരസ്യമായി പറയാൻ കഴിയാത്തവിധം തീരുമാനങ്ങൾ അടിച്ചേൽപിച്ചതിന്‍റെ ഫലമായാണ് യു.ഡി.എഫിന്‍റെ വൻവിജയം. ഗ്രൂപ്പിനതീതമായ ഒറ്റക്കെട്ടായ പ്രവർത്തനം കേരളത്തിലും ഇന്ത്യയിലും ഗുണം ചെയ്യുമെന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു.
• പി.ടി. തോമസിന് തൃക്കാക്കരക്കാർ ഒരിക്കൽകൂടി അർപ്പിച്ച സ്നേഹോപചാരമാണിതെന്ന് കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് പുത്തൂർ റഹ്മാൻ. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഭരണപക്ഷ എം.എൽ.എമാരും മണ്ഡലത്തിൽ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും കിറ്റ് മുതൽ കെ-റെയിൽ കുറ്റി വരെ വിഷയമാക്കിയിട്ടും ഉമ തോമസ് റെക്കോഡ് വിജയം നേടി. അഹങ്കാരത്തിനും ധിക്കാരത്തിനും കിട്ടിയ തിരിച്ചടിയാണിത്. പി.സി. ജോർജിന്‍റെ വരവോടെ ബി.ജെ.പിക്ക് ഉണ്ടായിരുന്ന വോട്ടുകളും ഇല്ലാതായി. യു.ഡി.എഫ് വിജയത്തിൽ അഹങ്കരിക്കാതെ പാഠമുൾക്കൊണ്ട് മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
• കേരളത്തിലെ വിവിധ മതസമൂഹങ്ങൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിച്ചും തമ്മിലടിപ്പിച്ചും വിജയിച്ച് കയറാനുള്ള സി.പി.എമ്മിന്‍റെ ദുഷ്ടശ്രമങ്ങൾക്ക് ജനങ്ങൾ നൽകിയ കനത്ത പ്രഹരമാണ് ജനവിധിയെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്‍റ് അബ്ദുല്ല സവാദ്, ജനറൽ സെക്രട്ടറി അരുൺ സുന്ദർരാജ് എന്നിവർ അഭിപ്രായപ്പെട്ടു. കുറച്ചുനാളായി സി.പി.എം നടപ്പാക്കുന്ന അപകടകരമായ ഈ നീക്കത്തെ ജനം തള്ളിക്കളഞ്ഞിരിക്കുന്നു. സി.പി.എം എത്രയുംപെട്ടെന്ന് തെറ്റ് തിരുത്തണം. കേരളത്തെ തകർക്കുന്ന കെ-റെയിൽ പോലുള്ള ജനവിരുദ്ധ പദ്ധതികൾക്ക് ജനങ്ങൾ എതിരാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉജ്ജ്വല വിജയം നേടിയ ഉമ തോമസിനെയും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച തൃക്കാക്കരയിലെ മുഴുവൻ വോട്ടർമാരെയും അഭിനന്ദിക്കുന്നുവെന്നും അവർ അറിയിച്ചു.
• കേരളത്തിന്‍റെ മണ്ണിൽ ഏതുവിധേനയും വർഗീയത പടർത്താനുള്ള സംഘ്പരിവാർ ശക്തികൾക്കുള്ള താക്കീതാണിതെന്ന് പ്രവാസി ഇന്ത്യ എക്സിക്യൂട്ടിവ് യോഗം വിലയിരുത്തി. എറണാകുളം ജില്ല പ്രസിഡന്‍റ് ഫുആദ് അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. പ്രവാസി ഇന്ത്യ ദുബൈ പ്രസിഡന്‍റ് അബുലൈസ് എടപ്പാൾ, ജനറൽ സെക്രട്ടറി ഷഫീഖ്, വൈസ് പ്രസിഡന്റുമാരായ പി.കെ. സുബൈർ, നൗഫൽ ചേളന്നൂർ, ജില്ല വൈസ് പ്രസിഡന്‍റ് ലിയാസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
• വർഗീയ ചേരിതിരിവ് ഉണ്ടാക്കി കേരള ജനതയെ വർഗീയവത്കരിച്ച് വിജയം നേടാമെന്ന എൽ.ഡി.എഫ് വ്യാമോഹത്തിന് ഏറ്റ തിരിച്ചടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിധിയെന്ന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ പറഞ്ഞു. ജനവിധി മാനിച്ച് ഇനിയെങ്കിലും സർക്കാർ, ജനവിരുദ്ധ പ്രവാസി വിരുദ്ധ നയങ്ങളിൽനിന്ന് പിന്മാറി ജനങ്ങളുടെ പക്ഷത്ത് ചേർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
• കോൺഗ്രസിന്‍റെ വിജയം ഭരണരാഷ്ട്രീയത്തിന് വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ജനത കൾചറൽ സെന്‍റർ ഓവർസീസ് കമ്മിറ്റി പ്രസിഡന്‍റ് പി.ജി. രാജേന്ദ്രൻ പറഞ്ഞു. കെ-റെയിൽ ഉയർത്തുന്ന വെല്ലുവിളികളോടുള്ള ജനങ്ങളുടെ പ്രതികരണത്തിന്‍റെ ഭാഗമായിക്കൂടി വിജയത്തെ കാണാം. ജനകീയ വികാരങ്ങളെ മാനിച്ചുവേണം ഇനി ഇടതുപക്ഷം വികസന പ്രവർത്തനങ്ങൾ അവതരിപ്പിക്കേണ്ടത്. ആ തരത്തിലുള്ള ആത്മപരിശോധനക്ക് യു.ഡി.എഫിന്‍റെ വിജയം കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
• കേരള സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്താണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഇൻകാസ് ദുബൈ തൃശൂർ ജില്ല പ്രസിഡന്‍റ് ബി. പവിത്രൻ, ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ട്രഷറർ ഫിറോസ് മുഹമ്മദാലി എന്നിവർ പറഞ്ഞു. പതിനായിരക്കണക്കിന് സാധാരണക്കാരെ കുടിയൊഴിപ്പിച്ചും പ്രകൃതിയെ പൂർണമായും നശിപ്പിച്ചും കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന പിണറായി വിജയൻ സർക്കാറിന്‍റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് ജനവിധിയെന്നും അവർ കൂട്ടിചേർത്തു.
• മുഖ്യമന്ത്രിയും 18 മന്ത്രിമാരുമടക്കം 60 എം.എൽ.എമാർ തമ്പടിച്ച് എല്ലാ വർഗീയ ആയുധങ്ങളും പ്രയോഗിച്ചിട്ടും സെഞ്ച്വറിയടിക്കാൻ വന്ന പിണറായിയെ ഇഞ്ചുറിയാക്കിയ ചരിത്രവിജയമാണ് ഉമ തോമസിന്‍റേതെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്‍റ് കെ.സി. അബൂബക്കർ പറഞ്ഞു. പിണറായി സർക്കാറിന്‍റെ വികലമായ വികസന നയത്തിനും ദുസ്സഹമായ ദുർഭരണത്തിനും എതിരായ ജനമനസ്സിനെയാണ് കാണിക്കുന്നത്. പ്രചാരണത്തിന് നേരിട്ട് നേതൃത്വം നൽകിയ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പരാജയം കൂടിയാണിത്. ഭരണകൂട അക്രമത്തിനെതിരായ പ്രതികരണമാണിത്. യു.ഡി.എഫിന്‍റെ തിരിച്ചുവരവിന്‍റെ തുടക്കവും തൃക്കാക്കരയിൽ ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം വിലയിരുത്തി.
• പിണറായി സർക്കാറിന്‍റെ വികലമായ വികസനത്തിനെതിരായ വിലയിരുത്തലും പ്രകൃതിയെയും മണ്ഡലത്തെയും സ്നേഹിച്ച പി.ടിക്ക് കൊടുത്ത അംഗീകാരവുമാണ് ഉമ തോമസിന്‍റെ തിളക്കമാർന്ന വിജയമെന്ന് സാമൂഹിക പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി. യു.ഡി.എഫിന് വോട്ട് ചെയ്ത തൃക്കാക്കരയിലെ ജനങ്ങൾക്കും അവിടത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യു.ഡി.എഫ് നേതാക്കൾക്കും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഉമ തോമസിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നുവെന്നും പുന്നക്കൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.