ടിക്കറ്റ് നിരക്ക് കുറയുന്നില്ല; ഇനിയും മടങ്ങിവരാനാവാതെ മലയാളി വിദ്യാർഥികൾ

ദുബൈ: സ്കൂളുകൾ തുറന്നിട്ടും ഇനിയും മടങ്ങിവരാൻ കഴിയാതെ മലയാളി കുടുംബങ്ങൾ. വിമാന ടിക്കറ്റ് നിരക്ക് ഉയർന്നുനിൽക്കുന്നതാണ് കുടുംബങ്ങളുടെ മടങ്ങിവരവ് വൈകിക്കുന്നത്. നിരക്ക് ഉടൻ കുറയുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ.

കഴിഞ്ഞ 29നാണ് യു.എ.ഇയിൽ സ്കൂൾ തുറന്നത്. ഈ സമയത്ത് കേരളത്തിൽനിന്നുള്ള നിരക്ക് ഏകദേശം 1600 ദിർഹമിന് മുകളിലായിരുന്നു. നാല് പേർ അടങ്ങിയ കുടുംബത്തിന് 6000 ദിർഹമോളം വേണ്ടിയിരുന്നു ദുബൈയിൽ എത്താൻ. ഈ മാസം പകുതിവരെ നിരക്ക് 1300 ദിർഹമിന്‍റെ മുകളിലാണ് കാണിക്കുന്നത്. അതിനുശേഷം 1000 ദിർഹമിൽ താഴെയാണ് നിരക്ക്. രണ്ടാഴ്ചത്തെ പഠനം നഷ്ടപ്പെട്ടാലും 2000 ദിർഹമോളം ലാഭിക്കാമെന്ന കണക്കുകൂട്ടലിലാണ് പാവപ്പെട്ട പ്രവാസികൾ. ചിലർ വൺ സ്റ്റോപ് ടിക്കറ്റ് എടുത്ത് മറ്റ് രാജ്യങ്ങൾ വഴി യു.എ.ഇയിൽ എത്തിയിരുന്നു.

15 മണിക്കൂറോളം യാത്ര ചെയ്താണ് ഇവർ എത്തിയത്. മറ്റ് ചിലർ ഒമാൻ വഴിയും എത്തിയിരുന്നു. എന്നാൽ, ഒമാൻ വഴി വിസ നിർബന്ധമായതോടെ ഈ വഴിമുടങ്ങി. നാട്ടിലേക്ക് പോകാനും കൊള്ളനിരക്കാണ് ഈടാക്കിയിരുന്നത്. സ്കൂൾ അടച്ച സമയത്ത് ദുബൈയിൽനിന്ന് കൊച്ചിയിലേക്ക് 2400 ദിർഹമായിരുന്നു ഏറ്റവും കുറഞ്ഞനിരക്ക്. കുടുംബസമേതം നാട്ടിൽ പോയി മടങ്ങിയെത്തുന്നതിന് മൂന്ന് ലക്ഷം ഇന്ത്യൻ രൂപയോളം ചെലവ് വരുന്ന അവസ്ഥയിലാണ്. എല്ലാ വർഷങ്ങളിലുമുള്ള ഈ സീസൺ കൊള്ളക്ക് അറുതിവേണമെന്ന പ്രവാസികളുടെ ആവശ്യം കേന്ദ്രസർക്കാർ ചെവിക്കൊണ്ടിട്ടേയില്ല.

Tags:    
News Summary - Ticket prices are not reduced; Malayalee students unable to return yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.