അബൂദബി: ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്നതിന് ഇടപെടൽ ശക്തമാക്കുന്നത് സംബന്ധിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എസ് സന്നദ്ധ സംഘടനയായ വേൾഡ് സെൻട്രൽ കിച്ചൺ (ഡബ്ല്യു.സി.കെ) മേധാവി എരിൻ ഗോറും ചർച്ചചെയ്തു. അബൂദബിയിലെ ഖസ്ർ അൽ വത്നിൽ നടന്ന കൂടിക്കാഴ്ചയിൽ ഗസ്സയിലേക്ക് കര, വ്യോമ, സമുദ്ര പാതകളിലൂടെ കൂടുതൽ ഭക്ഷണം എത്തിക്കുന്നതിന് സഹകരിക്കുന്നതിന് ശ്രമം തുടരാൻ ധാരണയായി.
ഗസ്സയിലടക്കം ലോകത്താകമാനം ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി വേൾഡ് സെൻട്രൽ കിച്ചൺ നടത്തുന്ന സേവനങ്ങളെ അഭിനന്ദിച്ച ശൈഖ് മുഹമ്മദ്, കൂട്ടായ്മയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. ഫലസ്തീൻ ജനതക്ക് സഹായമെത്തിക്കുന്നതിൽ യു.എ.ഇ നടത്തിയ ഇടപെടലുകളെ എരിൻ ഗോർ അഭിനന്ദിച്ചു. വേൾഡ് സെൻട്രൽ കിച്ചൻ യു.എ.ഇയും സൈപ്രസുമായി സഹകരിച്ച് നടത്തിയ സംയുക്ത നീക്കത്തിൽ കഴിഞ്ഞ ദിവസം സമുദ്ര ഇടനാഴി വഴി ആദ്യ കപ്പൽ ഗസ്സയിലെത്തിയിരുന്നു. ദുരിതമനുഭവിക്കുന്നവർക്ക് എത്തിക്കാനുള്ള 200 ടൺ ഭക്ഷ്യവസ്തുക്കളും ദുരിതാശ്വാസസാധനങ്ങളുമാണ് കപ്പലിലുണ്ടായിരുന്നത്. അതിനിടെ സമുദ്ര ഇടനാഴി വഴി വീണ്ടും സഹായമെത്തിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കൂടിക്കാഴ്ചയിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റിം ബിൻത് ഇബ്രാഹീം അൽ ഹാഷിമി എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.