ദുബൈ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി പ്രവാസി സമൂഹം. ഇന്ത്യൻ എംബസിയും കോൺസുലേറ്റും പ്രവാസി സംഘടനകളും സ്ഥാപനങ്ങളും സ്കൂളുകളും വിവിധ പരിപാടികൾ സംഘടിപ്പിക്കും.
രാജ്യത്തിെൻറ 75ാം സ്വാതന്ത്ര്യദിനമായതിനാൽ വിപുലമായ ആഘോഷം നടത്താനാണ് സംഘടനകളുടെ തീരുമാനം. എന്നാൽ, കോവിഡ് നിബന്ധനകൾ പാലിച്ചാകും ആഘോഷങ്ങൾ. കൂടുതൽ സംഘടനകളും വെർച്വൽ പരിപാടികൾക്കാണ് പദ്ധതിയിട്ടത്. അവധി ആയതിനാൽ സ്കൂളുകളിൽ നേരിട്ട് പരിപാടികളില്ല. എന്നാൽ, പല സ്കൂളുകളും വെർച്വൽ പരിപാടികൾ നടത്തുന്നുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ചയായി വിവിധ പരിപാടികൾ നടക്കുന്നുണ്ട്. 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയിൽ യു.എ.ഇയിലെ നയതന്ത്രജ്ഞരും പ്രവാസികളും പങ്കാളികളായിരുന്നു. ദേശീയഗാനം ആലപിച്ച് ഓൺലൈനിൽ അപ്ലോഡ് ചെയ്താണ് കാമ്പയിെൻറ ഭാഗമായത്.
അബൂദബിയിലെ ഇന്ത്യൻ എംബസിയിലെയും ദുബൈ കോൺസുലേറ്റിലെയും ഉന്നത ഉദ്യോഗസ്ഥർ കാമ്പയിനിൽ പങ്കെടുക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇന്ത്യൻ അംബാസഡർ പവൻ കുമാർ, കോൺസുൽ ജനറൽ ഡോ. അമൻ പുരി എന്നിവരും ഇതിെൻറ ഭാഗമായി. പ്രവാസികളായ നിരവധി പേരും കാമ്പയിനിൽ പങ്കാളികളാവുകയും ഓൺലൈനിലൂടെ സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. വിവിധ സംഘടനകളുെട നേതൃത്വത്തിൽ ക്വിസ്, ദേശീയ ഗാനാലാപന പരിപാടികൾ തുടങ്ങിയവ നടത്തിയിരുന്നു. ഇന്ത്യൻ വ്യാപാരസ്ഥാപനങ്ങളിൽ ഈ മാസം ആദ്യംതന്നെ പതാകകൾ വിൽപനക്ക് എത്തി.
അബൂദബി ഇന്ത്യൻ എംബസിയിൽ രാവിലെ 8.30ന് അംബാസഡർ പവൻ കപൂർ പതാക ഉയർത്തി രാഷ്ട്രപതിയുടെ സന്ദേശം വായിക്കും. ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് അവതരിപ്പിക്കുന്ന പരിപാടിയും അരങ്ങേറും. എംബസിയുടെയും കോൺസുലേറ്റിെൻറയും വെബ്സൈറ്റുകൾ വഴി പരിപാടികൾ കാണാം.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിെൻറ ആഘോഷം രാവിലെ 7.30 മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.