ദുബൈ: വിപണിയിൽ മത്സരമില്ലാതാക്കുന്ന രീതിയിൽ കുത്തക സമീപനത്തിലൂടെ ഉൽപന്നങ്ങൾക്ക് ഏറ്റവും കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്നതിനെതിരെ നടപടിയുമായി യു.എ.ഇ. എതിരാളിയെ മത്സരത്തിൽനിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം സമീപനങ്ങൾ തടയുന്നതിനൊപ്പം ഉപഭോക്താക്കളുടെ അവകാശം സംരക്ഷിച്ച് വിപണിയിൽ ന്യായമായ മത്സരക്ഷമത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
2023ൽ മന്ത്രിസഭ അംഗീകരിച്ച ‘മത്സര നിയന്ത്രണ’ നിയമം വിശദീകരിക്കവെ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ന്യായമായ മത്സരാധിഷ്ഠിത സമ്പ്രദായങ്ങൾ ഉറപ്പാക്കുന്നതിനായി പരിശോധന നടത്തുന്നതിന് വിപണികൾ നിരീക്ഷിക്കുകയും പ്രാദേശിക ഭരണകൂടവുമായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വിഷയത്തിൽ പരാതി ലഭിച്ചാൽ മന്ത്രാലയം നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി.
നിയമ ലംഘകർക്കെതിരെയുള്ള പിഴ നടപടികളെക്കുറിച്ച് വിലയിരുത്തിവരികയാണ്. മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞാൽ ഇക്കാര്യങ്ങൾ പുറത്തുവിടും.
വിപണിയിലെ സമ്പ്രദായങ്ങൾ അനുസരിച്ചുള്ള സാമ്പത്തിക പ്രവർത്തനം എന്ന നിലയിൽ പരസ്പര മത്സരം ആവശ്യമാണ്. എന്നാൽ, അത്തരം മത്സരങ്ങൾ വ്യാപാരത്തെയും വികസനത്തെയും ഉപഭോക്താക്കളുടെ താൽപര്യങ്ങളെയും ഹനിക്കുന്ന തരത്തിലാവരുത്. അതോടൊപ്പം പ്രാദേശിക വിപണികളിലെ ലയനങ്ങളും ഏറ്റെടുക്കലുകളും നിയന്ത്രിക്കുകയും ചെയ്യും.
വിപണിയിലെ മത്സരക്ഷമതയും കാര്യക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കുത്തകവത്കരണം തടയുകയും മികച്ച വ്യാപാര അന്തരീക്ഷം ഉറപ്പാക്കുകയുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.