അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ 72ാം ജന്മദിനമാണ് ഇന്ന്. 1948 സെപ്റ്റംബർ ഏഴിനാണ് അദ്ദേഹത്തിെൻറ ജനനം.അബൂദബി എമിറേറ്റിെൻറ ഭരണാധികാരി, യു.എ.ഇ സായുധസേനയുടെ സുപ്രീം കമാൻഡർ, സുപ്രീം പെട്രോളിയം കൗൺസിൽ ചെയർമാൻ എന്നീ സുപ്രധാന സ്ഥാനങ്ങൾക്കു പുറമെ 875 ബില്യൺ ഡോളർ ആസ്തി കൈകാര്യം ചെയ്യുന്ന അബൂദബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ ചെയർമാൻകൂടിയാണ് ശൈഖ് ഖലീഫ. ഒരു രാഷ്ട്രത്തലവൻ കൈകാര്യംചെയ്യുന്ന ഏറ്റവും വലിയ തുകയാണിത്.
പിതാവ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ വിയോഗശേഷം 2004 നവംബർ രണ്ടിനാണ് അബൂദബി ഭരണാധികാരിയായി ശൈഖ് ഖലീഫ സ്ഥാനമേറ്റെടുത്തത്. പിറ്റേന്ന് യു.എ.ഇ പ്രസിഡൻറുമായി. 2014 ജനുവരിയിൽ ശൈഖ് ഖലീഫക്ക് പക്ഷാഘാതം സംഭവിച്ചെങ്കിലും ആരോഗ്യനില വീണ്ടെടുത്ത് അധികാരം നിലനിർത്തിവരുന്നു.
1948 സെപ്റ്റംബർ ഏഴിന് അബൂദബി എമിറേറ്റിലെ അൽഐനിലെ അൽ മുവൈജി കൊട്ടാരത്തിലായിരുന്നു അബൂദബി റൂളേഴ്സ് കുടുംബാംഗമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറയും ഹസ്സ ബിന്ത് മുഹമ്മദ് ബിൻ ഖലീഫയുടെയും മൂത്ത മകനായി ശൈഖ് ഖലീഫ ജനിച്ചത്.അൽ നഹ്യാൻ. സാൻഹർസ്റ്റിലെ റോയൽ മിലിട്ടറി അക്കാദമിയിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്.
1966ൽ പിതാവ് ശൈഖ് സായിദ് അബൂദബി ഭരണാധികാരിയായപ്പോൾ ശൈഖ് ഖലീഫ അബൂദബിയുടെ കിഴക്കൻ മേഖലയായ അൽഐനിൽ ഭരണാധികാരിയുടെ പ്രതിനിധിയായി. 1969 ഫെബ്രുവരി ഒന്നിന് ശൈഖ് ഖലീഫയെ അബൂദബി കിരീടാവകാശിയായി നിയമിച്ചു. അടുത്ത ദിവസം അബൂദബി പ്രതിരോധ വകുപ്പിെൻറ തലവനായും നിയമിച്ചു. 1971ൽ യു.എ.ഇ രൂപവത്കൃതമായശേഷം അബൂദബി യു.എ.ഇ സായുധസേനയുടെ കേന്ദ്രമായതോടെ പ്രതിരോധസേനയുടെ മേൽനോട്ടവും ശൈഖ് ഖലീഫയെ തേടിയെത്തി.
1971ൽ യു.എ.ഇ സ്ഥാപിതമായശേഷം ശൈഖ് ഖലീഫ അബൂദബിയിലെ ഒട്ടേറെ പദവികൾ ഏറ്റെടുത്തു. രാഷ്ട്ര പിതാവ് ശൈഖ് സായിദിനു കീഴിൽ പ്രധാനമന്ത്രി, അബൂദബി മന്ത്രിസഭയുടെ തലവൻ, പ്രതിരോധമന്ത്രി, ധനമന്ത്രി സ്ഥാനങ്ങളും വഹിച്ചു. യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചശേഷം അബൂദബി മന്ത്രിസഭ അബൂദബി എക്സിക്യൂട്ടിവ് കൗൺസിലായി. 1973 ഡിസംബർ 23ന് യു.എ.ഇയുടെ രണ്ടാം ഉപപ്രധാനമന്ത്രിയും 1974 ജനുവരി 20ന് അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായി.
1976 മേയ് മാസത്തിലാണ് രാഷ്ട്രപതിയുടെ കീഴിൽ യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി കമാൻഡറാകുന്നത്. 1980 അവസാനം അദ്ദേഹം സുപ്രീം പെട്രോളിയം കൗൺസിലിെൻറ തലവനായി. ഇന്നും ഈ സ്ഥാനത്ത് തുടരുന്നു. 2010ൽ ശൈഖ് ഖലീഫയോടുള്ള ബഹുമാനാർഥം ദുബൈയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് അറബ് കെട്ടിടം ബുർജ് ഖലീഫയെന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.