ദുബൈ: ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായപ്രകാരം ശഅ്ബാൻ മാസം ഇന്ന് തുടങ്ങുന്നതോടെ, പരിശുദ്ധ റമദാനിലേക്ക് ഇനി ഒരു മാസത്തെ ദൂരം മാത്രം. ശഅ്ബാൻ മാസം 29 ദിവസം നീളുന്നതിനാൽ ഏപ്രിൽ 13ന് റദമാൻ ആരംഭിച്ചേക്കുമെന്നാണ് അറബ് യൂനിയൻ ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഏപ്രിൽ 12ന് യു.എ.ഇ സമയം വൈകീട്ട് 6.31ന് റമദാൻ ചന്ദ്രക്കല രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അറബ് യൂനിയൻ ഫോർ ആസ്ട്രോണമിയിലെ അംഗം ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
വിശ്വാസി സമൂഹം പ്രതീക്ഷനിർഭരരായി കാത്തിരിക്കുന്ന റമദാൻ വന്നണയുമ്പോഴും മഹാമാരി തീർക്കുന്ന വെല്ലുവിളികൾക്കിടയിൽ തന്നെയായിരിക്കും ഇത്തവണത്തെയും വ്രതാനുഷ്ഠാനം. പള്ളിമിനാരങ്ങൾ പോലും നിശ്ശബ്ദമാകുന്ന തരത്തിൽ പൂർണമായും കോവിഡ് കവർന്നെടുത്ത റമദാനായിരുന്നു കഴിഞ്ഞതവണ വന്നുപോയത്.
കഴിഞ്ഞവർഷം വിശ്വാസിസമൂഹം അനുഭവിച്ച ദുഃഖങ്ങളും സങ്കടങ്ങളും ഇത്തവണ മറികടക്കാനായേക്കുമെന്ന പ്രതീക്ഷകളെ പോലും അസ്ഥാനത്താക്കുന്ന വിധത്തിലാണ് കോവിഡ് വ്യാപനം തുടരുന്നത്. എങ്കിലും, എന്തൊക്കെ പ്രതിസന്ധികളെ അതിജീവിച്ചായാലും പുണ്യങ്ങളുടെ പൂക്കാലത്തെ അതിെൻറ പവിത്രതയോടെ തന്നെ ആഹ്ലാദം നിറച്ച് വരവേൽക്കാൻ തന്നെയാണ് വിശ്വാസി സമൂഹം തീരുമാനിച്ചിരിക്കുന്നത്.
ഇത്തവണ റമദാൻ എത്തുംമുമ്പ് തന്നെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വ്രതമാസത്തിൽ പാലിക്കേണ്ട നിബന്ധനകൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ റമദാനിൽ പള്ളികളിലെ ആരാധനക്ക് സമ്പൂർണ വിലക്കായിരുന്നു.
എങ്കിലും ഇത്തവണ സാമൂഹിക അകലം പാലിച്ച് നമസ്കാരം നടത്താൻ സാധ്യതയേറെയാണ്. അതുകൊണ്ട് തറാവീഹ് ഉൾപ്പെടെ പള്ളികളിൽ നിർവഹിക്കാമെന്ന സന്തോഷം പകരുന്ന ആശ്വാസം ചെറുതല്ല.
റമദാൻ കാലത്ത് പ്രവാസികളുടെയും സന്ദർശകരുടെയും അന്നവും ആശ്രയവുമായിരുന്ന ഇഫ്താർ തമ്പുകൾക്ക് പല എമിറേറ്റുകളിലും അനുമതി നിഷേധിച്ചിട്ടുണ്ട്. കോവിഡ് വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തമ്പുകൾ വേണ്ടെന്നുവെക്കാൻ അധികൃതരെ നിർബന്ധിതരാക്കുന്നത്. കോവിഡ് -19 സുരക്ഷ നടപടികളുടെ ഭാഗമായി റമദാൻ കൂടാരങ്ങൾക്കുള്ള എല്ലാ പെർമിറ്റുകളും ഈ വർഷം ദുബൈയാണ് ആദ്യമായി റദ്ദാക്കിയത്.
ദുബൈയിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെൻറ് (ഐ.എ.സി.ഡി) പുറത്തിറക്കിയ പ്രസ്താവനയിൽ സർക്കാർ നിർദേശപ്രകാരം 2021ലെ റമദാൻ കൂടാരങ്ങൾക്കുള്ള എല്ലാ പെർമിറ്റുകളും റദ്ദാക്കാനുള്ള തീരുമാനമെടുത്തതായി വ്യക്തമാക്കുകയായിരുന്നു. പിന്നാലെ ഷാർജയിലും അജ്മാനിലും റമദാൻ തമ്പുകൾ വേണ്ടെന്ന തരത്തിൽ ഭരണാധികാരികൾ സർക്കുലർ പുറത്തിറക്കി. മാത്രമല്ല റമദാനിൽ പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താനായി പള്ളികൾക്കോ വീടുകൾക്കോ മറ്റേതെങ്കിലും പൊതുസ്ഥലങ്ങൾക്കോ പുറത്ത് കൂടാരങ്ങൾ അനുവദിക്കില്ല. റമദാനിൽ യു.എ.ഇയിലുടനീളം ചാരിറ്റബ്ൾ ഓർഗനൈസേഷനുകൾ, മനുഷ്യസ്നേഹികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് കൂടാരങ്ങൾ സ്ഥാപിച്ച് കൂടിച്ചേരലുകൾക്ക് സൗകര്യമൊരുക്കിയിരുന്നത്.
കോവിഡ് വ്യാപനം തടയാനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണക്കാനായി മുൻകരുതൽ നടപടികളുടെ പ്രാധാന്യം ഐ.എ.സി.ഡിയിലെ ചാരിറ്റബ്ൾ സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് ദർവിഷ് അൽ മുഹൈരി ഉൗന്നിപ്പറഞ്ഞു. റമദാനിൽ എല്ലാവർക്കും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്നും ഇതിനാണ് ഐ.എ.സി.ഡി മുൻഗണന നൽകുന്നതെന്നും അൽ മുഹൈരി വിശദീകരിച്ചു. റമദാനിൽ ഭക്ഷണം വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നവർ, കോവിഡ് -19 പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഐ.എ.സി.ഡി അംഗീകരിച്ചതും ലൈസൻസുള്ളതുമായ അസോസിയേഷനുകളെയും ചാരിറ്റബ്ൾ സ്ഥാപനങ്ങളെയും ബന്ധപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സഹായം ഉറപ്പുവരുത്താനായി വിവിധ സർക്കാർ ഏജൻസികളുമായും ചാരിറ്റി ഓർഗനൈസേഷനുകളുമായും ഐ.എ.സി.ഡി ഏകോപിപ്പിക്കുകയാണെന്ന് ഐ.എ.സി.ഡിയിലെ ചാരിറ്റബ്ൾ ഇൻസ്റ്റിറ്റ്യൂഷൻ ഡിപ്പാർട്മെൻറ് ഡയറക്ടർ മുഹമ്മദ് മുസാബെ ദാഹി പറഞ്ഞു. അജ്മാനിൽ റമദാൻ തമ്പുകളുയരില്ലെങ്കിലും ഭക്ഷണവിതരണത്തിന് പ്രത്യേക സംവിധാനമേർപ്പെടുത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.