ഇന്ന് ഉത്രാടപ്പാച്ചിൽ: നാളെ ചിത്തം കവരും തിരുവോണം

ഷാർജ: കേരളത്തിൽ ഓണം വരുന്നതും പോകുന്നതും അറിയില്ല. പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ചേർന്ന് ഓണത്തെ പെട്ടന്നങ്ങട്​ ആർപ്പുവിളിച്ച് ആഘോഷിച്ച് കളയും. ചതയത്തോടെ ഓണവില്ലുകൾ മാഞ്ഞുതുടങ്ങും. എന്നാൽ, പ്രവാസ ഭൂമിയിൽ അങ്ങനെയല്ല, വന്നാൽ മാസങ്ങളോളം നിന്നി​ട്ടേ തിരുവോണം മരുഭൂമിയിൽ നിന്ന് തിരിക്കുകയുള്ളൂ.കോവിഡ് കാലത്ത് വന്ന നിയന്ത്രണങ്ങ​ളെല്ലാം പാലിച്ച് ഉത്രാടദിനത്തിൽ സദ്യക്കുള്ള സാധനങ്ങൾ വാങ്ങാൻ ആയിരങ്ങളാണ് ഗൾഫിലെ അങ്ങാടികളിലെത്തിയത്. മികച്ച ആനുകൂല്യങ്ങളാണ് കച്ചവട സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തി​െൻറ ദേശീയോത്സവമായ ഓണത്തിന് പ്രവാസത്തി​െൻറ ദേശീയ ഭക്ഷണമായ ഖുബ്ബൂസ് അവധിയെടുക്കും.

പറ്റുന്ന വിധത്തിൽ ബാച്​ലർമാരും ആവുന്നത്ര വിഭവങ്ങളൊരുക്കി കുടുംബങ്ങളും സദ്യയൊരുക്കും. ഇതിനൊന്നും സാധിക്കാത്തവർ ഭക്ഷണശാലകളെ സമീപിക്കും.രണ്ടുതരം പായസവും വിഭവങ്ങളും ചേർന്ന ഹോട്ടൽ സദ്യക്ക് ആവശ്യക്കാരേറെയാണ്. മലയാളികൾക്ക് പുറമെ, മറ്റു രാജ്യക്കാരും സദ്യ വാങ്ങാനെത്തും. ഗ്രാമത്തിലൂടെ ഓണക്കുലകൾ കൊണ്ടുപോകുമ്പോൾ കാഴ്ചക്കാർ ആർപ്പുവിളിക്കുന്നത് നാടോണത്തി​െൻറ ഈണമാണ്. എന്നാൽ, ഗൾഫിൽ നേന്ത്രപ്പഴം ബോക്സുകളിലാണ് എത്തുന്നത്.

കേരളത്തിന് പുറമെ, ഒമാനിലെ സലാലയിൽ നിന്നും നേന്ത്രപ്പഴമെത്തും. നാട്ടിൽ 60 രൂപക്ക് ഒരു കിലോ കിട്ടുമെങ്കിൽ ഗൾഫിൽ 200 രൂപയിലധികം വേണം ഒരുകിലോ നേന്ത്രപ്പഴത്തിന്. ഓണസദ്യ വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌.നാക്കിടത്തുവശം വരുന്ന രീതിയിൽ ഇലയിടണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌ എന്നതാണ് വിളമ്പൽക്രമം. വായിൽ രുചി മുകുളങ്ങൾ വിടർത്താൻ ഈ ക്രമത്തിനാകുമെന്നാണ് ചൊല്ല്. 'ഉണ്ടറിയണം ഓണം' എന്നും ചൊല്ലുണ്ട്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വിരുന്ന് വന്നതാണ്‌.

കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌ തുടങ്ങി നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌. പപ്പടം ഇടത്തരം ആയിരിക്കണം. ചേന, പയർ‌, വഴുതനങ്ങ, പാവക്ക എന്നിവ ഉപ്പേരിയിൽ പൂക്കളം തീർക്കും. ശർക്കരപുരട്ടിക്ക്‌ പുറമെ പഴനുറുക്കും പഴവും പാലടയും പ്രഥമനുമാണ് സദ്യയുടെ ഭരതവാക്യം. ഇലയിൽ പരത്തി ഒഴിക്കുന്ന പായസത്തി​െൻറ കൂടെ തൊട്ടുനക്കാൻ നാരങ്ങ അച്ചാറുണ്ടെങ്കിൽ വായിൽ വള്ളംകളിമേളം.

ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും നാടൻ പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചിട്ടുണ്ട് ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. ഇവയുടെ ചുവടുപിടിച്ച് പുതിയ പാട്ടുകളും പിറക്കുന്നുണ്ട്. വടംവലി, വള്ളംകളി, കിളിത്തട്ടുകളി, തലപ്പന്ത്, പുലികളി, കുമ്മിയടി തുടങ്ങിയ നാടൻ കളി കലകൾ ഓണത്തി​െൻറ താളമാണ്. യു.എ.ഇയിൽ ഏറ്റവും വിപുലമായ ഓണാഘോഷം സംഘടിപ്പിക്കാറുള്ളത് ഷാർജ ഇന്ത്യൻ അസോസിയേഷനാണ്. എന്നാൽ, കോവിഡ് പ്രതിസന്ധിയിലെ ഓണാഘോഷത്തെക്കുറിച്ച് അസോസിയേഷൻ വ്യക്തമാക്കിയിട്ടില്ല.പ്രാദേശിക കൂട്ടായ്മകളുടെ ഓണാഘോഷമാണ് ഓണത്തെ പിടിച്ചുനിർത്താറുള്ളത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.