ദുബൈ: ഇമാറാത്തിനെ വികസനപാതയിലേക്ക് നയിച്ച് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. 2022 മേയ് 13നാണ് അദ്ദേഹത്തിന്റെ മരണം. പിന്തുടർച്ചക്കാരനായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇയുടെ അമരക്കാരനായി സ്ഥാനമേറ്റിട്ട് ഞായറാഴ്ച ഒരു വർഷം തികയും.
ആധുനിക യു.എ.ഇയെ രൂപപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ ശൈഖ് ഖലീഫ യു.എ.ഇ പ്രസിഡന്റ്, സായുധ സേനയുടെ പരമോന്നത കമാൻഡർ, സുപ്രീം പെട്രോളിയം കൗൺസിൽ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരവെയാണ് വിടപറഞ്ഞത്. രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ മരണത്തെ തുടർന്നാണ് 2004 നവംബർ രണ്ടിന് അബൂദബി ഭരണാധികാരിയായും അടുത്ത ദിവസം യു.എ.ഇ പ്രസിഡന്റായും ചുമതലയേറ്റത്. സഹിഷ്ണുത അടിസ്ഥാനമാക്കിയ രാജ്യത്തിന്റെ നയം രൂപപ്പെടുത്തുന്നതിലും സൈനിക നിലപാടുകൾ കൃത്യപ്പെടുത്തുന്നതിലും വലിയ സംഭാവനകൾ ഭരണകാലത്ത് അർപ്പിച്ചു. പ്രവാസികൾക്ക് ഉപകാരപ്രദമായ നിരവധി നിയമനിർമാണങ്ങൾ നടപ്പാക്കിയ അദ്ദേഹം പാർലമെന്റിൽ വനിതകൾക്ക് 50 ശതമാനം പ്രാതിനിധ്യം നൽകി. മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തെ എന്നും ചേർത്തുപിടിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഫിസിലും കൊട്ടാരത്തിലുമായി നിരവധി മലയാളികളാണ് ജോലി ചെയ്തിരുന്നത്. ഹൃദയവിശാലതയുടെ ആൾരൂപമായിരുന്നു അദ്ദേഹം. രാഷ്ട്രപിതാവ് ശൈഖ് സായിദിനു കീഴിൽ പ്രധാനമന്ത്രി, അബൂദബി മന്ത്രിസഭയുടെ തലവൻ, പ്രതിരോധ മന്ത്രി, ധനമന്ത്രി സ്ഥാനങ്ങളും വഹിച്ചു. രാജ്യത്തെ കണ്ണീരിലാഴ്ത്തിയാണ് ഒരു വർഷം മുമ്പ് അദ്ദേഹം യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.