ദുബൈ: പശ്ചിമേഷ്യയിലെ മികച്ച 25 ബാങ്കുകളുടെ പട്ടികയിൽ യു.എ.ഇയിൽനിന്ന് അഞ്ചെണ്ണം ഇടംപിടിച്ചു. പട്ടികയിൽ നാലാം സ്ഥാനവുമായി എമിറേറ്റ്സ് എൻ.ബി.ഡി ബാങ്കാണ് രാജ്യത്തുനിന്ന് ഏറ്റവും മികവു പുലർത്തിയത്. ഫസ്റ്റ് അബൂദബി ബാങ്ക് അഞ്ചാം സ്ഥാനത്തും അബൂദബി കൊമേഴ്സ്യൽ ബാങ്ക് ഏഴാം സ്ഥാനത്തും ഇടംപിടിച്ചപ്പോൾ ദുബൈ ഇസ്ലാമിക് ബാങ്കിന് 14ാം സ്ഥാനവും മഷ്രിഖ് ബാങ്കിന് 23സ്ഥാനവുമാണ് ലഭിച്ചത്.
‘ദ ബാങ്കർ’ പുറത്തുവിട്ട പട്ടികയിലാണ് മേഖലയിലെ മികച്ച ബാങ്കുകളെ അടയാളപ്പെടുത്തിയത്. ബാങ്കുകളുടെ സാമ്പത്തിക ശക്തിയായി കണക്കാക്കുന്ന ടയർ-1 മൂലധനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തിരിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും മികച്ച ബാങ്കായി തെരഞ്ഞെടുക്കപ്പെട്ട എമിറേറ്റ്സ് എൻ.ബി.ഡി മൂലധനത്തിൽ 11.9ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്.
കോവിഡിനു ശേഷമുള്ള ഘട്ടത്തിൽ യു.എ.ഇയിലെയും മേഖലയിലെയും ബാങ്കുകൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എണ്ണവില ഉയർന്നതും പണപ്പെരുപ്പം കുറഞ്ഞ നിരക്കിൽ തുടർന്നതും ഇതിന് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്.
ആഗോളതലത്തിൽ എമിറേറ്റ്സ് എൻ.ബി.ഡിയും അബൂദബി ഫസ്റ്റ് ബാങ്കും 100മികച്ച ബാങ്കുകളുടെ പട്ടികയിലുണ്ട്. പട്ടികയിൽ എൻ.ബി.ഡി 85ാം സ്ഥാനത്തും എഫ്.എ.ബി 90ാം സ്ഥാനത്തുമാണുള്ളത്. അബൂദബി കൊമേഴ്സ്യൽ ബാങ്ക്-130, ദുബൈ ഇസ്ലാമിക് ബാങ്ക്-169, മഷ്രിഖ് ബാങ്ക്-256 എന്നിങ്ങനെയാണ് മറ്റു ബാങ്കുകളുടെ ലോക തലത്തിലെ റാങ്കിങ്.
സൗദി നാഷണൽ ബാങ്കാണ് പശ്ചിമേഷ്യൻ പട്ടികയിൽ ആദ്യ സ്ഥാനത്തെത്തിയത്. ഖത്തർ, അൽ റജ്ഹി ബാങ്ക് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. മൂലധനത്തിന്റെ തിരിച്ചുവരവിൽ അബൂദബി ഇസ്ലാമിക് ബാങ്ക് മേഖലയിൽ രണ്ടാം സ്ഥാനത്തും മഷ്രിഖ് ബാങ്ക് നാലാം സ്ഥാനത്തുമെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.