ദുബൈ: ട്രാഫിക് നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് സ്ത്രീകളെയും കുട്ടികളെയും ബോധവത്കരിക്കുന്നതിനായി പുതിയ സംരംഭത്തിന് തുടക്കമിട്ട് ദുബൈ പൊലീസ്. എമിറേറ്റിലുടനീളമുള്ള സമൂഹ കൂട്ടായ്മകളെയും മജ്ലിസുകളെയും ലക്ഷ്യം വെച്ചാണ് ‘വുമൺ ആൻഡ് ചൈൽഡ് ട്രാഫിക് സേഫ്റ്റി’ സംരംഭം ട്രാഫിക് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചത്.
നിയമങ്ങൾ പാലിക്കുന്നതിലുള്ള ജനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും സമൂഹത്തിനുള്ളിൽ സുരക്ഷിതമായ ഡ്രൈവിങ് രീതികൾ വളർത്തിയെടുക്കാനും പുതിയ സംരംഭം ലക്ഷ്യമിടുന്നതെന്ന് ദുബൈ പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. അൽ ഖവാനീജ്, അൽ റാഷിദിയ, ഉമ്മു സുഖൈം എന്നീ മേഖലകളിലാണ് ബോധവത്കരണ പദ്ധതി നടപ്പിലാക്കുക. നിയമലംഘനത്തിന്റെ ഗുരുതരമായ അനന്തര ഫലം, റോഡ് ഉപയോഗവുമായി ബന്ധപ്പെട്ടുള്ള അപകട സാധ്യത, അപകടം തടയാനുള്ള മുൻകരുതലുകൾ, റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ഉൾപ്പെടെ റോഡ് ഉപയോക്താക്കൾക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിയമലംഘനം, വേഗപരിധി, ശ്രദ്ധക്കുറവ്, റോഡ് ഉപയോക്താക്കളുടെ അവകാശങ്ങളെ മാനിക്കാതിരിക്കുക, ട്രാഫിക് നിയമങ്ങൾ അനുസരിക്കാതിരിക്കുക തുടങ്ങിയ നിരവധി ഘടകങ്ങൾ മൂലമാണ് കൂടുതലും അപകടങ്ങൾ സംഭവിക്കുന്നത്. ഇത് തടയുകയും വാഹന യാത്രക്കാരുടെയും സമൂഹത്തിന്റെയും സുരക്ഷയുമാണ് ട്രാഫിക് നിയന്ത്രണങ്ങളിലൂടെ അധികാരികൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.