ദുബൈ: കഴിഞ്ഞ ദിവസം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ജനങ്ങൾക്ക് സമർപ്പിച്ച ഇൻഫിനിറ്റി പാലത്തിൽ ഞായറാഴ്ച മുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കും.
ഇതിന്‍റെ ഭാഗമായി പാലത്തിന് സമാന്തരമായുള്ള ഷിന്ദഗ ടണൽ താൽകാലികമായി രണ്ടു മാസത്തേക്ക് അടച്ചിടുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ദേരയിൽ നിന്ന് ബർ ദുബൈയിലേക്ക് പോകുന്ന ദിശയിലേക്കുള്ള ഗതാഗതമാണ് രണ്ടുമാസം ടണലിൽ നിരോധിക്കുക. അൽ ഷിന്ദഗ ടണലുമായി ഇൻഫിനിറ്റി പാലത്തിന്‍റെയും മറ്റു പുതിയ പാലങ്ങളുടെയും ഗതാഗത ബന്ധം യോജിപ്പിക്കാൻ അടച്ചുപൂട്ടൽ ആവശ്യമായതിനാലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ദേരയിൽ നിന്ന് ബർദുബൈയിലേക്കും തിരിച്ചുമുള്ള ഗതാഗതം ഇൻഫിനിറ്റി പാലത്തിൽ തടസമില്ലാതെ നടക്കും. ഒരോ മണിക്കൂറിലും രണ്ട് ദിശകളിലേക്കുമായി 24,000 വാഹനങ്ങൾക്ക് പാലത്തിലൂടെ കടന്നുപോകാനുള്ള സൗകര്യമുണ്ട്. 5.3 ബില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന അൽ ഷിന്ദഗ ഇടനാഴി പദ്ധതിയുടെ ഭാഗമായ ഇൻഫിനിറ്റി ബ്രിഡ്ജ് കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. ശൈഖ് മുഹമ്മദും മറ്റു പ്രമുഖരും പാലം സന്ദർശിക്കുന്ന വീഡിയോയും ഇതോടനുബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.
രണ്ട് ദിശയിലേക്കും ആറ് വരികൾ വീതമുള്ളതാണ് പാലം. ഗണിതശാസ്ത്രത്തിലെ ഇൻഫിനിറ്റി ചിഹ്നത്തിന്‍റെ രൂപത്തിലെ കമാനമാണ് പാലത്തിന് രൂപഭംഗി നൽകുന്നത്. ദുബൈയുടെ അനന്തമായ അഭിലാഷങ്ങളെയാണ് 'ഇൻഫിനിറ്റി' പ്രതിനിധീകരിക്കുന്നത്. ദുബൈ ക്രീക്കിന്‍റെ ഇരുവശങ്ങളായ ദേരയെയും ബർദുബൈയെയും ബന്ധിപ്പിക്കുന്ന പാലം തുറന്നതോടെ, ദുബൈ ക്രീക്ക് മുറിച്ചുകടക്കുന്ന മൊത്തം ലൈനുകളുടെ എണ്ണം 48ൽ നിന്ന് 60 ആയി.
കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായി മൂന്നു മീറ്റർ ട്രാക്കും പാലത്തിലുണ്ട്. ദേരക്കും ബർ ദുബൈക്കും പുറമെ ദേര ഐലൻഡ്‌സ്, ദുബൈ സീഫ്രണ്ട്, ദുബൈ മാരിടൈം സിറ്റി, പോർട്ട് റാഷിദ് തുടങ്ങിയ നിരവധി പദ്ധതികൾക്കും ഷിന്ദഗ ഇടനാഴി സഹായകമാകും. 2030ൽ പദ്ധതി പൂർത്തിയാകുന്നതോടെ 104 മിനിറ്റ് യാത്രാസമയം 16 മിനുറ്റായി കുറയുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.