ദുബൈ: യാത്രക്കാർക്ക് വഴി കാണിക്കുന്ന, റോഡുകളിലും മറ്റുമായി സ്ഥാപിച്ച 68,000ത്തോളം വരുന്ന ട്രാഫിക് സൂചന ബോർഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ആറു മാസത്തിനകമാണ് എല്ലാ ബോർഡുകളുടെയും പുനരുദ്ധാരണം പൂർത്തിയാക്കിയത്. ആകെ 67,816 ബോർഡുകളിലാണ് അറ്റകുറ്റപ്പണി ചെയ്തത്. ഇവയിൽ 57,151 ബോർഡുകളിൽ കേടുപാടുകൾ തടയുന്നതിനുള്ള പണികളും 10,665 ബോർഡുകളിൽ തെറ്റുതിരുത്തൽ അറ്റകുറ്റപ്പണികളുമാണ് ചെയ്തത്.
മാഞ്ഞുപോയ സൂചന ബോർഡുകൾ മാറ്റി സ്ഥാപിക്കുക, മങ്ങിയ ബോർഡുകളുടെ പെയിന്റ് പുതുക്കുക, പൊടിപടലങ്ങൾ നിറഞ്ഞത് വൃത്തിയാക്കുക, കൂടുതൽകാലം നിലനിൽക്കുന്നതിന് ആവശ്യമായ മറ്റു ചെറിയ അറ്റകുറ്റപ്പണികൾ എന്നിവ നവീകരണത്തിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. റോഡപകടങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും തകർന്ന ബോർഡുകളും മാറ്റിസ്ഥാപിച്ചവയിൽ ഉൾപ്പെടും.
ബോർഡുകളുടെ കാര്യക്ഷമതയും സുസ്ഥിരമായ ഉപയോഗവും ലക്ഷ്യംവെച്ചാണ് വിപുല നവീകരണം നടത്തിയതെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു. സൂചന ബോർഡുകളിലെ വിവരങ്ങൾ എളുപ്പത്തിലും വ്യക്തതയിലും യാത്രക്കാർക്ക് മനസ്സിലാക്കാൻ സാധ്യമാകുന്ന രീതിയിലാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ആർ.ടി.എ നവീകരണം പൂർത്തിയാക്കിയത്. ദുബൈയിൽ ആകെ രണ്ട് ലക്ഷത്തിലേറെ സൂചന ബോർഡുകളുണ്ട്. ഇവയിൽ അറ്റകുറ്റപ്പണികൾ ആവശ്യമായ ബോർഡുകളിലാണ് നവീകരണം നടത്തിയത്. ആർ.ടി.എ നിശ്ചയിച്ച സമയത്ത് 90 ശതമാനം കൃത്യമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ സാധിച്ചതായി ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ അബ്ദുല്ല യൂസുഫ് അൽ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.