ദുബൈ: ഗൾഫിൽ ജോലി തേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് നാട്ടിൽ പരിശീലനം നൽകുന്ന ട്രെയിനിങ് ഫോർ എമിറേറ്റ്സ് ജോബ്സ് ആൻഡ് സ്കിൽസ് (തേജസ്) പദ്ധതി തുടങ്ങുന്നു. ഇതുസംബന്ധിച്ച് ദുബൈയിലെ രണ്ടു സ്ഥാപനങ്ങളുമായി നാഷനൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ (എൻ.എസ്.ഡി.സി) ധാരണയായി. വി.എഫ്.എക്സ് ഗ്ലോബൽ, എഡെക്കോ മിഡിലീസ്റ്റ് എന്നീ സ്ഥാപനങ്ങളുമായാണ് എൻ.എസ്.ഡി.സി ധാരണപത്രം ഒപ്പുവെച്ചത്.
യു.എ.ഇയിലെ തൊഴിൽ മേഖലക്ക് അനുയോജ്യമായവിധം ഉദ്യോഗാർഥികളെ വളർത്തിയെടുക്കാൻ പരിശീലനം നൽകും. ഇന്ത്യയിലെമ്പാടുമുള്ള എൻ.എസ്.ഡി.സി കേന്ദ്രങ്ങൾ വഴിയാകും ഉദ്യോഗാർഥികൾക്ക് ഗൾഫിലേക്കുള്ള പരിശീലന പരിപാടികൾ നടപ്പാക്കുക.
തേജസ് പദ്ധതി കഴിഞ്ഞവർഷം കേന്ദ്രമന്ത്രി അനുരാഗ് ഠാകുർ ദുബൈ എക്സ്പോയിലാണ് പ്രഖ്യാപിച്ചത്. മാനവവിഭവശേഷി രംഗത്തെ കൂടുതൽ സ്ഥാപനങ്ങളുമായി ഇത്തരം ധാരണ രൂപപ്പെടുത്തും. ഇന്ത്യയിൽനിന്ന് ഗൾഫിൽ തൊഴിൽ തേടുന്നവർക്കായി നാട്ടിലായിരിക്കും കൂടുതൽ പരിശീലന പരിപാടികൾ. എന്നാൽ, ഗൾഫിൽ നിലവിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് കോൺസൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു. വിവിധ രാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ തിരിച്ചറിഞ്ഞ് ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുമെന്ന് അഡെക്കോ മിഡിലീസ്റ്റ് കൺട്രി ഹെഡ് മായങ്ക് പട്ടേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.