ദുബൈ: സന്ദർശന വിസയിൽ വരുന്നവർ നിയമം ലംഘിച്ചാൽ ട്രാവൽ ഏജൻസികൾക്കെതിരെയും പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പ്രവർത്തനം തുടരുന്നതിൽ വെല്ലുവിളിയാകുമെന്നും ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നു. വിസ കാലയളവ് കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുക, കാണാതാവുക തുടങ്ങിയവ സംഭവങ്ങളിലാണ് ബന്ധപ്പെട്ട ട്രാവൽ ഏജൻസികൾക്ക് പിഴ ശിക്ഷ നേരിടേണ്ടിവരുക. വിസക്ക് ഗ്രേസ് പിരീഡ് ഉണ്ടെന്ന തെറ്റിദ്ധാരണയാണ് കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതെ തങ്ങുന്നതിനുള്ള പ്രധാന കാരണം.
വിസ കാലാവധി കഴിഞ്ഞാലും 10 ദിവസത്തെ ഗ്രേസ് പിരീഡ് സന്ദർശന വിസക്കും ലഭിക്കുമെന്നാണ് ധാരണ. എന്നാൽ, കഴിഞ്ഞ വർഷം മുതൽ യു.എ.ഇ ഗ്രേസ് പിരീഡ് പിൻവലിച്ചിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകളും നിയമലംഘനത്തിന് മറ്റൊരു കാരണമാണ്. തിരികെ പോകാനുള്ള ടിക്കറ്റിന് പണമില്ലാതെയാണ് പലരും അനധികൃതമായി തങ്ങുന്നത്. ദുബൈയിലെ ജീവിത സാഹചര്യങ്ങൾ ഇഷ്ടപ്പെട്ടും പലരും തിരികെ പോകാൻ വിസമ്മതിക്കുന്നുണ്ടെന്ന് പ്രമുഖ ട്രാവൽ ഏജൻസികൾ പറഞ്ഞു. സന്ദർശന വിസയിൽ എത്തി ജോലി അന്വേഷിക്കുന്നവരാണ് കൂടുതൽ പേരും. അപേക്ഷ സമർപ്പിച്ചശേഷം ഇന്റർവ്യൂവിനായി കാത്തിരിക്കുന്നവരാണ് പലരും.
ഇന്റർവ്യൂവിനുള്ള വിളി വൈകുന്നതോടെ ഇവരും അനധികൃതമായി രാജ്യത്ത് തങ്ങും. പിന്നീട് പിഴ അടച്ചാണ് പലരും ഇതിൽനിന്ന് രക്ഷപ്പെടുന്നത്. എട്ട് ദിവസം അനധികൃതമായി തങ്ങിയ ഒരാൾക്ക് 1000 ദിർഹം പിഴ അടക്കേണ്ടിവന്നിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞ് ഒരാൾ തിരികെ പോകാത്ത ഓരോ കേസിനും ട്രാവൽ ഏജൻസികൾ 2500 ദിർഹം പിഴ അടക്കണം. കൂടാതെ ഇത്തരം സ്ഥാപനങ്ങളുടെ വിസ ക്വോട്ട വെട്ടിച്ചുരുക്കുകയും ചെയ്യും. ഇത് പ്രവർത്തനത്തെ കാര്യമായി ബാധിക്കും. കൂടാതെ കാണാതാവുന്ന കേസുകളിൽ 2000 ദിർഹം അടച്ചാൽ മാത്രമേ നിയമപരമായ നടപടികളിൽനിന്ന് ഒഴിവാക്കാനാവൂ. ഇത് മിനിമം പിഴ 2000 ദിർഹമിൽനിന്ന് 5,000 ദിർഹമായി ഉയർത്തിയിട്ടുണ്ടെന്നും ട്രാവൽ ഏജൻസികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.