ദുബൈ: നാലു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടി യു.എ.ഇയിലേക്ക് യാത്ര വിലക്കേർപെടുത്തി. കെനിയ, താൻസനിയ, ഇത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികർക്കാണ് വിലക്ക്.
ഇതോടെ വിലക്കേർപെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 11 ആയി. ഡിസംബർ 25ന് രാത്രി 7.30 മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപകമായ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നേരത്തെ, ദക്ഷിണാഫ്രിക്ക, നമീബിയ, ലസൂട്ടു, എസ്വാറ്റീനി, സിംബാബ്വെ, ബോട്സ്വാന, മൊസാംബീക് എന്നിവിടങ്ങളിലെ വിമാനങ്ങളെ യു.എ.ഇ വിലക്കിയിരുന്നു.
അതേസമയം, നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസക്കാർ തുടങ്ങിയവർക്ക് യു.എ.ഇയിലേക്ക് വരാം. ഇവർ 48 മണിക്കൂർ മുമ്പെടുത്ത പി.സി.ആർ ഫലവും ആറ് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ ഫലവും ഹാജരാക്കണം. യു.എ.ഇയിൽ എത്തിയാൽ ക്വാറൻറീനിലും കഴിയണം. യുഗാണ്ട, ഘാന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കില്ലെങ്കിലും പി.സി.ആർ ഫലം നിർബന്ധമാണ്. യു.എ.ഇ പൗരൻമാർ കോംഗോയിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. ചികിത്സ, ഔദ്യോഗിക സർക്കാർ സന്ദർശനം, വിദ്യാഭ്യാസം എന്നിവക്ക് മാത്രം കോംഗോയിലേക്ക് പോകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.