റാസല്‍ഖൈമ: കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി അനിശ്ചിതമായി നീളുന്ന യാത്രവിലക്ക് ഗള്‍ഫ് മേഖലയിലെ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുന്നു.
ചെറുതും വലുതുമായ വാണിജ്യ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്തതാണ് പ്രതിസന്ധി. ഇത് യു.എ.ഇയിലെ കഫ്റ്റീരിയ, ഗ്രോസറി, സൂപ്പര്‍ മാര്‍ക്കറ്റ്, ഹോട്ടല്‍, കെട്ടിട നിര്‍മാണ മേഖല, നിര്‍മാണ ശാലകള്‍ തുടങ്ങിയവയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അവധിക്ക് നാട്ടിെലത്തി തിരികെ യാത്ര സാധ്യമാകാത്ത സഹപ്രവര്‍ത്തകരുടെ ജോലികൂടി തങ്ങളുടെ മേല്‍ വന്നുചേര്‍ന്ന അവസ്ഥയിലാണ് സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ പലരും.
തൊഴിലാളികള്‍ക്ക് ജോലിഭാരം കൂടുന്നത് സ്ഥാപന ഉടമകളെയും പ്രയാസപ്പെടുത്തുന്നു. അതേസമയം, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇളവ് നല്‍കിയ നടപടി ആരോഗ്യ മേഖലക്ക് ഗുണകരമായി. എങ്കിലും സ്വകാര്യ ക്ലിനിക്കുകളും ചെറുകിട ആരോഗ്യസ്ഥാപനങ്ങളും നഴ്സുമാരുടെയും ജീവനക്കാരുടെയും കുറവില്‍ പ്രയാസപ്പെടുന്നുണ്ട്. ആരോഗ്യമേഖലയിലെ ഇളവ് നിര്‍മാണ മേഖലയിലും അനുവദിച്ചാല്‍ ആശ്വാസമാകുമെന്ന് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നുണ്ട്. നിരവധി എൻജിനീയര്‍മാരും തൊഴിലാളികളും നാട്ടില്‍ കുടുങ്ങിയിട്ടുണ്ട്.
വേനലില്‍ പുറംജോലിക്കാരുടെ ജോലി സമയം ലഘൂകരിച്ചതിനൊപ്പം തൊഴിലാളികളുടെ എണ്ണക്കുറവും പ്രോജക്ടുകള്‍ നിശ്ചിത സമയം പൂര്‍ത്തീകരിക്കുന്നത് നിര്‍മാണ കമ്പനികള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമുയര്‍ത്തുന്നു. തൊഴിലാളികള്‍ക്കായി നിര്‍മാണ കമ്പനികള്‍ ആശ്രയിക്കുന്നത് ഇന്ത്യയെയും പാകിസ്താനെയുമാണ്. സന്ദര്‍ശക വിസയില്‍ ജോലി തേടുന്നവരുടെ എണ്ണം കുറഞ്ഞതും വിദേശ രാജ്യങ്ങളില്‍നിന്ന് റിക്രൂട്ട്മെൻറിന് കഴിയാത്തതും നിര്‍മാണമേഖലയിലെ പ്രവര്‍ത്തനങ്ങൾ അവതാളത്തിലാക്കുന്നു. ചില സ്ഥാപനങ്ങള്‍ മറ്റു കമ്പനികളിലെ തൊഴിലാളികള്‍ക്ക് ഓഫറുകള്‍ നല്‍കി 'പൊക്കുന്ന' പ്രവണതയും വര്‍ധിക്കുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിലൂടെ പ്രവാസികളുടെ ദുരിതത്തിനറുതി വരുത്താനാകുമെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡൻറ് അബുലൈസ് എടപ്പാള്‍ അഭിപ്രായപ്പെട്ടു. വന്‍തോതില്‍ പണവും ദിവസങ്ങള്‍ സമയമെടുത്തുമാണ് മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ വഴി ഗള്‍ഫ് നാടുകളിലെത്തുന്നത്. കോവിഡിെൻറ ആദ്യ ഘട്ടത്തില്‍ വിമാന യാത്രയില്‍ സ്വീകരിച്ച സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും യാത്രികര്‍ എത്തുന്ന സ്ഥലങ്ങളില്‍ നിര്‍ബന്ധിത ക്വാറൻറീന്‍ ഏര്‍പ്പെടുത്തുകയും ചെയ്താൽ പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.