ദുബൈ: കേരളത്തിലെ രാഷ്ട്രീയനേതാക്കളുടെ വിദേശ യാത്രകൾ വിവാദമായിരിക്കുമ്പോൾ തമിഴ്നാട്ടിൽനിന്നൊരു മാതൃക. സർക്കാർ സ്കൂളിൽ പഠിക്കുന്ന 68 കുട്ടികൾക്കും അഞ്ച് അധ്യാപകർക്കും മൂന്ന് ഉദ്യോഗസ്ഥർക്കും സർക്കാർ സ്പോൺസർഷിപ്പിൽ വിദേശയാത്രയൊരുക്കിയാണ് മാതൃകയായത്. തമിഴ്നാട് വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴിയുടെ നേതൃത്വത്തിലാണ് കുട്ടികൾ യു.എ.ഇയിൽ എത്തിയത്. കഴിഞ്ഞ ദിവസം ഷാർജ പുസ്തകമേളയും ദുബൈ റാശിദ് ലൈബ്രറിയും സന്ദർശിച്ച കുട്ടികൾ യു.എ.ഇയിലെ മറ്റു സ്ഥലങ്ങളും കണ്ടശേഷം നാട്ടിലേക്കു മടങ്ങി.
11ാം ക്ലാസ് വിദ്യാർഥികൾക്ക് സംസ്ഥാനതലത്തിൽ ക്വിസ് മത്സരം നടത്തിയാണ് 68 കുട്ടികളെ തെരഞ്ഞെടുത്തത്. നാലു ദിവസത്തെ പഠനയാത്രക്ക് നവംബർ 10നാണ് കുട്ടികളടക്കം 76 അംഗ സംഘം യു.എ.ഇയിൽ എത്തിയത്. പുസ്തകോത്സവത്തിലെത്തിയ സംഘത്തിന് ഷാർജ ബുക്ക് അതോറിറ്റി ഊഷ്മള സ്വീകരണമൊരുക്കി. ബോൾ റൂമിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാനും മന്ത്രി പൊയ്യമൊഴിക്ക് സംസാരിക്കാനും അവസരം നൽകി. കലക്ടർ എം. പ്രദീപ് കുമാറും എത്തിയിരുന്നു. ദുബൈയിലെ ചില സ്കൂളുകൾ സന്ദർശിച്ച വിദ്യാർഥികൾ അബൂദബിയിലെ പ്രശസ്തമായ വിദ്യാഭ്യാസ കേന്ദ്രങ്ങളിലുമെത്തി.
സംസ്ഥാനതലത്തിൽ നടക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് വിദേശ പഠന യാത്ര ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോവിഡ് നിയന്ത്രണം മൂലം യാത്ര വൈകി. സി.എസ്.ആർ ഫണ്ടിൽനിന്നാണ് വിദ്യാർഥികളുടെ ചെലവ് വഹിക്കുന്നത്. അക്കാദമിക് പഠനങ്ങളിലുപരിയായി വിദ്യാർഥികൾക്ക് കൂടുതൽ അനുഭവങ്ങൾ പകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഇതിനു പുറമെ 250ഓളം കുട്ടികൾക്ക് ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്ക് വിദേശ യാത്രയൊരുക്കുന്ന പദ്ധതിയും സർക്കാർ തയാറാക്കുന്നുണ്ട്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർഥികളെ ദുബൈ എക്സ്പോ കാണിക്കാൻ എത്തിക്കും എന്നു പറഞ്ഞ് കേന്ദ്രസർക്കാർ നേരത്തേ വഞ്ചിച്ചിരുന്നു. വിദ്യാർഥികളെ തെരഞ്ഞെടുത്തശേഷമാണ് കേന്ദ്രം ഈ പദ്ധതിയിൽനിന്ന് പിന്നോട്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.