ദുബൈ: ദുരിതം അനുഭവിക്കുന്ന തുർക്കിയ, സിറിയ ജനതക്ക് സഹായവുമായി എമിറേറ്റ്സ് വിമാനങ്ങൾ പറക്കുന്നു. അടുത്ത രണ്ടാഴ്ചക്കിടെ 100 ടൺ വസ്തുക്കളാണ് എമിറേറ്റ്സ് വഴി ഇരുരാജ്യങ്ങളിലേക്കും എത്തുക. ആദ്യ രണ്ടു വിമാനങ്ങൾ വെള്ളിയാഴ്ച പറന്നു.
പുതപ്പ്, കുടുംബങ്ങൾക്ക് കഴിയാനുള്ള ടെന്റ്, മെഡിക്കൽ കിറ്റ് തുടങ്ങിയവയാണ് ഈ വിമാനങ്ങളിൽ അയച്ചത്. ദുബൈ ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ സിറ്റിയുമായി സഹകരിച്ചാണ് എമിറേറ്റ്സ് വസ്തുക്കൾ അയക്കുന്നത്. വരുംദിവസങ്ങളിൽ ഫ്ലാഷ് ലൈറ്റ്, താമസ സ്ഥലങ്ങളിൽ ആവശ്യമായ ഉപകരണങ്ങൾ, റാമ്പുകളിൽ കുടിവെള്ളം വിതരണം ചെയ്യാനുള്ള ഉപകരണങ്ങൾ, എമർജൻസി ഹെൽത്ത് കിറ്റ് തുടങ്ങിയവ എത്തിക്കും.
എമിറേറ്റ്സ് സ്കൈ കാർഗോ വഴിയാണ് സഹായം അയക്കുന്നത്. ദിവസേനയുള്ള ഇസ്തംബുൾ വിമാനത്തിലാണ് വസ്തുക്കൾ എത്തിക്കുന്നത്. യു.എ.ഇയിലെ വിവിധ സംഘടനകൾ സ്വരൂപിച്ച ഉപകരണങ്ങളാണ് അയക്കുന്നതിൽ കൂടുതലും. തുർക്കിയ, സിറിയൻ ജനതക്കൊപ്പം നിലകൊള്ളുമെന്നും നാശനഷ്ടം സംഭവിച്ചവരെ പിന്തുണക്കുന്നത് തുടരുമെന്നും എമിറേറ്റ്സ് ഗ്രൂപ് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.