ദുബൈ: തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ രണ്ട് ദിവസത്തെ സന്ദർശനത്തിന് യു.എ.ഇയിലെത്തി. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഉർദുഖാൻ ഔദ്യോഗികമായി യു.എ.ഇ സന്ദർശിക്കുന്നത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദും ഒപ്പമുണ്ടായിരുന്നു.
ചൊവ്വാഴ്ച ഉർദുഗാനും ഭാര്യ എമൈനും ദുബൈ എക്സ്പോയിലെ തുർക്കി പവലിയൻ സന്ദർശിച്ചേക്കും. എക്സ്പോയിൽ നടക്കുന്ന തുർക്കിയുടെ ദേശീയ ദിനാഘോഷത്തിലും പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കാൻ സന്ദർശനം ഉപകരിക്കുമെന്നാണ് പ്രതീക്ഷ. മിഡ്ൽ ഈസ്റ്റിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനും സന്ദർശനം ഗുണം ചെയ്യും. കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ഊർജം, ജലം, ആരോഗ്യം, കൃഷി, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ വികസനം, ടൂറസിം തുടങ്ങിയ മേഖലകളിൽ കരാറുകൾ ഒപ്പുവെച്ചേക്കും.
നയതന്ത്ര ബന്ധത്തിലെ പുതിയ അധ്യായമായിരിക്കും ഇതെന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫയുടെ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. കഴിഞ്ഞ മാസങ്ങളിലായി ടർക്കിഷ് കമ്പനികൾ യു.എ.ഇയിൽ കൂടുതലായി ചുവടുറപ്പിച്ചിരുന്നു. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതോടെ കൂടുതൽ ടർക്കിഷ് സ്ഥാപനങ്ങൾ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷ. രണ്ട് മാസം മുൻപ് തുർക്കിയിലെ അങ്കാറയിലെത്തി ഉർദുഗാനുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് കൂടികാഴ്ച നടത്തിയിരുന്നു. തുർക്കിയിൽ പത്ത് ബില്യൺ ഡോളറിന്‍റെ നിക്ഷേപം അന്ന് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.