ഇന്ത്യയ്ക്ക് പുറത്ത് ഇത്രമാത്രം മലയാള പുസ്തകങ്ങള്‍ ഉള്ള മറ്റൊരു ലൈബ്രറി ഇല്ല എന്നു പറയുന്നതില്‍ അതിശയോക്തിയുണ്ടെന്നു തോന്നുന്നില്ല. 1972ല്‍ സ്ഥാപിതമായി 50 പൂര്‍ത്തിയാക്കുമ്പോള്‍, മലയാള സാഹിത്യ മേഖലയിലേത് അടക്കം വിവിധ വിഭാഗങ്ങളില്‍പ്പെട്ട 15,000ൽ അധികം പുസ്തകങ്ങളാണ് അബൂദബി കെ.എസ്.സി ലൈബ്രറിയിൽ അറിവിന്റെ വാതായനം തുറന്ന് വായനക്കാരെ കാത്തിരിക്കുന്നത്. പ്രവാസി മലയാളി സമൂഹത്തോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചുവരുന്ന കേരളാ സോഷ്യല്‍ സെന്ററിന്റെ (കെ.എസ്.സി) അബൂദബി നഗരമധ്യത്തിലെ ഓഫിസ് സമുച്ചയത്തിലാണ് ലൈബ്രറിയുള്ളത്. കെ.എസ്.സിയുടെ ദീര്‍ഘമായ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തന കാലയളവില്‍ അഭിമാന നേട്ടങ്ങളില്‍ ഒന്നാംസ്ഥാനത്തുള്ളതും ഈ ഗ്രന്ഥാലയമാണ്.
കഥ, കവിത, നോവല്‍, നാടകം, പഠനങ്ങള്‍, നിരൂപണങ്ങള്‍, വൈജ്ഞാനിക സാഹിത്യം, യാത്രാ വിവരണം, റഫറന്‍സ് ഗ്രന്ഥങ്ങള്‍ തുടങ്ങി മലയാള ഭാഷയിലെ എല്ലാ സാഹിത്യ ശാഖകളിലെ കൃതികളും ഇവിടെ ലഭ്യമാണ്. ഒപ്പം അബൂദബി ശക്തി അവാര്‍ഡ് കൃതികള്‍, മലയാളം മിഷന് ലൈബ്രറി എന്നീ പ്രത്യേക സെക്ഷനും ലൈബ്രറിക്കകത്ത് ഒരുക്കിയിരിക്കുന്നു. ഒരിക്കല്‍ അംഗത്വം സ്വീകരിച്ചാല്‍, മറ്റൊരു ഫീസും നല്‍കാതെ ആജീവനാന്തം അംഗമായി തുടരാം എന്നതാണ് ലൈബ്രറിയുടെ പ്രത്യേകത. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യമാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ സെന്ററിന്റെ നടത്തിപ്പുകാരെ പ്രേരിപ്പിച്ചത്.
ലൈബ്രറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വായനശാലയില്‍ എല്ലാ മലയാള ദിനപത്രങ്ങളും മലയാളത്തിലെ ഒട്ടുമിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്. സെന്ററിന്റെ വായനശാലാ അംഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ വിഭാഗം രൂപപ്പെടുത്തിയിരിക്കുന്നത്. ദിനംപ്രതി അഞ്ഞൂറിലേറെ പേര് വായനശാലയില്‍ വന്നുപോകുന്നു എന്ന് അറിയുമ്പോഴാണ്, പ്രവാസി മലയാളി സമൂഹം എത്രമാത്രം സ്വന്തം ഭാഷയെ നെഞ്ചോട് ചേര്‍ത്തു പിടിക്കുകയും ദൈനദിന ജീവിത്തില്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് ബോധ്യപ്പെടുക.
1987 മുതല്‍ അബൂദബിയിലെ മലയാളി കുട്ടികള്‍ക്ക് മലയാള ഭാഷ സ്വായത്തമാക്കുന്നതിന് സൗജന്യ മലയാളം പഠന ക്ലാസ്സും സെന്ററിന്റെ കീഴില്‍ നടന്നുവരുന്നു. ഇതിനകം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇവിടെ നിന്ന് മലയാളത്തില്‍ പ്രാവീണ്യം നേടി പുറത്തിറങ്ങിയത്. മലയാള ഭാഷയേയും സംസ്കാരത്തേയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന സന്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളം മിഷന് പാഠ്യപദ്ധതിക്ക് അബൂദബിയില്‍ നേതൃത്വം നല്‍കിവരുന്നത് കേരള സോഷ്യല്‍ സെന്ററാണ്. മലയാളം മിഷന് പാഠ്യപദ്ധതിയുടെ ഭാഗമായി അബൂദബി മേഖലയുടെ കീഴില്‍ ഇപ്പോള്‍ 72 സെന്ററുകളിലായി സൗജന്യ മലയാളം പഠന ക്ലാസുകള്‍ നടന്നുവരുന്നു. ഇതില്‍ 25 ക്ലാസും കേരള സോഷ്യല്‍ സെന്ററിലാണ്.
ഇ.കെ. നായനാര്‍, എം.ടി. വാസുദേവന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, ടി. പത്മനാഭന്, ബി. സന്ധ്യ, ഏഴാച്ചേരി രാമചന്ദ്രന്, സുഗതകുമാരി, സാറ ജോസഫ്, ടി. ബാബു പോള്‍, കാര്‍ട്ടൂണിസ്റ്റ് ടോംസ്, കരിവള്ളൂര്‍ മുരളി, ആലങ്കോട് ലീലാ കൃഷ്ണന്, പ്രഭാ വര്‍മ, അബ്ദുസ്സമദ് സമദാനി, വി.എം. സുധീരന്, ഡോ. എം.കെ മുനീര്‍, പി. ഗോവിന്ദ പിള്ള തുടങ്ങി ലൈബ്രറി സന്ദര്‍ശിച്ചവരുടെ നിര നീണ്ടതാണ്.
അബൂദബിയിലെ മലയാളികള്‍ക്കു വായനയുടെ ലോകത്ത് എന്നും ചേര്‍ന്നുനില്‍ക്കാവുന്ന വിധം സുസജ്ജമാണ് ലൈബ്രറി.
അതുകൊണ്ടുതന്നെ പുതുതലമുറയോട് ലൈബ്രറിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവർക്ക് പറയാനുള്ളത്, വായനയെ കൈവിടാതെ, മലയാളത്തെ നെഞ്ചേറ്റുക എന്നാണ്. നിലവില്‍ സജീഷ് നായരാണ് ലൈബ്രേറിയന്‍. എല്ലാ ദിവസവും വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഒമ്പതുമണിവരെയാണ് ലൈബ്രറിയുടെ പ്രവര്‍ത്തന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.