അറബ് ലോകത്തിെൻറ ആഘോഷത്തിന് ഇനി രണ്ട് മാസം കൂടി. ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങുന്ന എക്സ്പോ 2020യിലേക്ക് കണ്ണും കാതും കൂർപിച്ച് കാത്തിരിക്കുകയാണ് ദുബൈ. അഞ്ച് വർഷമായി നടക്കുന്ന ഒരുക്കങ്ങളുടെ ഫലമായി ഒക്ടോബർ ഒന്നിന് എക്സ്പോയുടെ വിസ്മയച്ചെപ്പ് തുറക്കും. മഹാമാരിക്കിടയിലും യു.എ.ഇയുടെ വാണിജ്യ, സാമ്പത്തിക, സാംസ്കാരിക, സാങ്കേതിക, ശാസ്ത്ര മേഖലകളെ ഉത്തേജിപ്പിക്കാനൊരുങ്ങുന്ന എക്സ്പോ നൽകുന്ന ഉണർന്ന് അറബ് രാജ്യങ്ങൾക്ക് മാത്രമല്ല, ലോകത്തിനാകമാനം കരുത്താകുമെന്നാണ് വിലയിരുത്തൽ. അടുത്ത രണ്ട് വർഷം അറബ് ലോകം ഏറ്റവും പ്രതീക്ഷയോടെ കാണുന്ന രണ്ട് മേളകളാണ് എക്സ്പോ 2020യും ഖത്തർ ലോകകപ്പും. കോടാനു കോടിയുെട വാണിജ്യ ഇടപാടുകൾ നടക്കുന്ന ഈ രണ്ട് ഇവൻറുകളും സാമ്പത്തിക രംഗത്തിന് ചെറുതല്ലാത്ത ഉണർവേകുമെന്ന കാര്യത്തിൽ സംശയമില്ല.
മഹാമാരി എത്തിയില്ലായിരുന്നെങ്കിൽ എക്സ്പോ സമാപിക്കേണ്ട സമയം കഴിഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 20ന് തുടങ്ങേണ്ടിയിരുന്നതാണ്. എന്നാൽ, ലോകത്തിെൻറ മുഴുവൻ കലണ്ടറുകളും തകിടം മറിച്ച കോവിഡ് എക്സ്പോയുടെയും ഷെഡ്യൂൾ തെറ്റിച്ചു. ഒളിമ്പിക്സിനും യൂറോ കപ്പിനും ലോകകപ്പുകൾക്കുമൊപ്പം എക്സ്പോയും ഒരു വർഷം കൂടി മാറ്റിവെക്കപ്പെട്ടു. എങ്കിലും, എക്സ്പോ 2020 എന്ന പേര് തന്നെ നിലനിർത്തുകയായിരുന്നു. 190 രാജ്യങ്ങളുടെ പവലിയനാണ് എക്സ്പോ നഗരിയിൽ ഒരുങ്ങുന്നത്. എ.ആർ. റഹ്മാൻ അടക്കമുള്ള ലോകോത്തര സംഗീതജ്ഞരും കലാകാരൻമാരും അണിനിരക്കുന്ന സംഗീത നിശകളുമുണ്ടാവും.
ചരിത്രം അറിഞ്ഞ് എക്സ്പോ കാണാം
നൂറ്റാണ്ടിെൻറ ചരിത്രമുണ്ട് എക്സ്പോക്ക്. 1851 മെയ് ഒന്ന് മുതൽ ഒക്ടോബർ 11 വരെ ലണ്ടനിലാണ് ആദ്യ എക്സ്പോ നടന്നത്. 25 രാജ്യങ്ങൾ പങ്കെടുത്ത ഈ എക്സ്പോയിൽ 60 ലക്ഷം സന്ദർശകരെത്തിയെന്നാണ് കണക്ക്. പിന്നീട് നാലോ അഞ്ചോ ആറോ വർഷങ്ങൾ കൂടുേമ്പാൾ എക്സ്പോകൾ സംഘടിപ്പിച്ചുവന്നു. ഇപ്പോൾ അഞ്ച് വർഷം കൂടുേമ്പാഴാണ് മേള നടക്കുന്നനത്. ലോകം ഏറ്റെടുത്ത പല കണ്ടുപിടിത്തങ്ങൾക്കും എക്സ്പോ വേദികൾ സാക്ഷിയായി. 1962ലെ ലണ്ടൻ എക്സ്പോയിലാണ് ചാൾസ് ബാബേജ് ആദ്യമായി കമ്പ്യൂട്ടർ അവതരിപ്പിച്ചത്. 1876ൽ അലക്സാണ്ടർ ഗ്രഹാംബെൽ ടെലിഫോൺ ലോകത്തിന് സമർപ്പിച്ചു. ടെലിവിഷനും മൊബൈൽ ഫോൺ സാങ്കേതിക വിദ്യകളുമെല്ലാം ലോകത്തിന് പരിചയപ്പെടുത്തിയത് 20ാം നൂറ്റാണ്ടിലെ എക്സ്പോ വേദികളാണ്.
2015ൽ ഇറ്റലിയിലെ മിലാനിലാണ് അവസാനമായി എക്സ്പോ നടന്നത്. ഇതിനും രണ്ട് വർഷം മുൻപാണ് ദുബൈയെ എക്സ്പോ വേദിയായി പ്രഖ്യാപിക്കപ്പെട്ടത്. തുർക്കിയിലെ ഇസ്മിർ, റഷ്യയിലെ യെക്കാറ്റരിൻബർഗ്, ബ്രസീലിലെ സാവോ പോളോ എന്നീ നഗരങ്ങളെ മറികടന്നാണ് ദുബൈ 2020ൽ എക്സ്പോ നടത്താനുള്ള അവകാശം സ്വന്തമാക്കിയത്. ഇതിലേക്കുള്ള തന്ത്രങ്ങൾ മെനയുന്നതിന് 2010ൽ ചൈനയിൽ നടന്ന ഷാങ്ഹായ് എക്സ്പോയിൽ യു.എ.ഇയുടെ നിരീക്ഷണമുണ്ടായിരുന്നു. എക്സ്പോയെ കുറിച്ച് പഠിക്കാൻ 2015ലെ മിലാൻ എക്സ്പോയിലെ സജീവ സാന്നിധ്യമായി യു.എ.ഇ ഉണ്ടായിരുന്നു. അറബ് ലോകത്തേക്ക് ആദ്യമായാണ് എക്സ്പോ വിരുന്നെത്തുന്നത്. ആറ് മാസമാണ് എക്സ്പോ നടക്കുന്നത്.
എക്സ്പോക്ക് ശേഷം:
ഓരോ എക്സ്പോയും അവസാനിക്കുന്നത് എന്തെങ്കിലും ചരിത്ര ശേഷിപ്പുകൾ അടയാളപ്പെടുത്തിയായിരിക്കും. എക്സ്പോയുടെ ചരിത്രം ലോകത്തിന് മുന്നിൽ എന്നെന്നും നിലനിർത്താൻ പുതിയൊരു നഗരം തന്നെ കെട്ടിപ്പടുക്കാനാണ് യു.എ.ഇയുടെ തീരുമാനം. എക്സ്പോ വേദിയുടെ 80 ശതമാനവും അതേപടി നിലനിർത്തി 'ഡിസ്ട്രിക്ട് 2020' എന്ന നഗരമായിരിക്കും ഇവിടെ ഉയരുക. എക്സ്പോ അവസാനിച്ച് ആറ് മാസത്തിനും ഒരുവർഷത്തിനുമുള്ളിൽ പുതുനഗരം യാഥാർഥ്യമാകും. നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ള കെട്ടിടങ്ങൾ. ഭാവിയിൽ ഇത് സ്വകാര്യ ഉടമകൾക്കും സ്വന്തമാക്കാൻ അവസരം ലഭിക്കും. വിൽപനക്കും പാട്ടത്തിനുമെല്ലാം കെട്ടിടങ്ങൾ കൈമാറും. ചില കെട്ടിടങ്ങളുടെ വിൽപന വൈകാതെ നടക്കും. ഘട്ടംഘട്ടമായ പദ്ധതികളിലൂടെയാവും നഗരം പൂർത്തിയാക്കുക. ആദ്യ ഘട്ടം 2023 മാർച്ചിന് മുൻപ് തുറക്കും.
ടിക്കറ്റ് നിരക്ക്:
ഒരു ദിവസം: 95 ദിർഹം
ഒരു മാസം: 195 ദിർഹം
ആറ് മാസം: 495 ദിർഹം
ഫാമിലി പാക്ക്: 950 ദിർഹം (രണ്ട് സീസൺ പാസ്, വീട്ടുജോലിക്ക് നിൽക്കുന്നയാൾക്ക് ഒരു പാസ്, ഫോട്ടോഗ്രാഫർ വൗച്ചർ, മൾട്ടി ഡേ പാസുകൾക്ക് 25 ശതമാന കിഴിവ്)
സൗജന്യം: 18 വയസിൽ താഴെയുള്ളവർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, 60വയസ്സ് പിന്നിട്ടവർ, ലോകത്തെ ഏതെങ്കിലും വിദ്യഭ്യാസ സ്ഥാപനത്തിലെ അംഗീകൃത ഐഡൻറിറ്റി കാർഡുള്ള വിദ്യാർത്ഥികൾ.
50 ശതമാനം ഇളവ്: കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഒപ്പമെത്തുന്ന സഹായിക്ക്.
ടിക്കറ്റ് ബുക്ക് ചെയ്യാൻ:
texpo2020dubai.com വെബ്സൈറ്റ് . വിവിധ രാജ്യങ്ങളിലെ 2500അംഗീകൃത ടിക്കറ്റ് വിൽപന കേന്ദ്രങ്ങളിലും ലഭിക്കും. ഓൺലൈൻ ട്രാവൽ ഏജൻറുമാർ, ടൂർ ഓററേറ്റർമാർ, ഹോട്ടൽ ഗ്രൂപ്പുകൾ, വിമാനക്കമ്പനികൾ എന്നിവർക്കാണ് ടിക്കറ്റ് വിൽപനക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
സമ്മാനം:
ആഗസ്റ്റ് 14ന് മുൻപ് സീസൺ പാസോ ഫാമിലി പാക്കോ എടുക്കുന്ന 18 വയസിന് മുകളിലുള്ള, തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ 30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ താരങ്ങൾക്കൊപ്പം പങ്കെടുക്കാൻ അവസരം. ആദ്യ 15 വിജയികളെ സെപ്റ്റംബർ ആദ്യ വാരം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.