കോവിഡ് നാടിനെ വിറപ്പിച്ചപ്പോഴും അജ്മാനിൽ വികസനത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. രണ്ടു വര്‍ഷത്തിനിടെ അടിസ്ഥാന വികസന മേഖലയില്‍ നഗരസഭ നടപ്പിലാക്കിയത് വന്‍ വികസന പ്രവര്‍ത്തനങ്ങള്‍. ഈ കാലയളവില്‍ 20 കോടി ദിര്‍ഹം ചിലവില്‍ റോഡുകളും പാലങ്ങളും അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കി.
അജ്മാൻ എമിറേറ്റിനെ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായി പരിവർത്തിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും റോഡ് ശൃംഖല വികസിപ്പിക്കുന്നതിനും വകുപ്പ് കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു. സുഖപ്രദമായ ജീവിതത്തിനാവശ്യമായ എല്ലാ ആവശ്യങ്ങളും ലഭ്യമാകുന്നതിന് വിജയകരമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
രണ്ട് വർഷത്തിനുള്ളിൽ 20 കോടി ദിര്‍ഹം ചെലവിൽ 35 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കി. എമിറേറ്റിലെ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. നിരവധി പ്രദേശങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വാണിജ്യ, വ്യാവസായിക, പാർപ്പിട മേഖലകളിൽ അനുയോജ്യമായ സേവനങ്ങൾ നൽകുന്നതിനായി റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്മെന്റ് നിലവിൽ ഒരു കൂട്ടം റോഡുകളിൽ പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം എന്ന മര്‍മ്മ പ്രധാനമായ ലക്ഷ്യത്തിന് പദ്ധതികളെ ഒരു പാക്കേജിലൂടെ സംയോജിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അൽ മൊയ്ഹാത്ത്, യാസ്മിൻ മേഖലയിൽ പുതിയ റോഡുകളുടെ നിർമ്മാണമാണ് നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതി. ഇത് രണ്ട് പ്രദേശങ്ങളിലെയും താമസക്കാർക്ക് എളുപ്പവും സൗകര്യപ്രദവുമായ യാത്രാ സൗകര്യം ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നത്. 8.5 കിലോമീറ്റര്‍ നീളത്തില്‍ പണിയുന്ന ഈ റോഡുകള്‍ 2021െൻറ അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷ. അതോടൊപ്പം റാഷിദിയ 3ലെ റോഡുകളുടെ നിർമ്മാണ പദ്ധതിയുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. വാഹന പാർക്കിങ് സ്ഥലങ്ങൾക്ക് പുറമേ വാഹനങ്ങൾക്ക് സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിന് ഒറ്റ റോഡുകളുടെ ഒരു കൂട്ടം പണികളും പൂർത്തിയാകുന്നുണ്ട്.
താമസ കേന്ദ്രമായ അൽ റാഷിദിയ 1 പ്രദേശത്ത് അവരുടെ വീടുകളിലേക്ക് എളുപ്പവും സൗകര്യപ്രദവുമായ പ്രവേശനം ഉറപ്പുവരുത്തുന്നതിനായി റോഡ് പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയില്‍ നടന്നുവരികയാണ്. അൽ ജർഫ് ഇൻഡസ്ട്രിയൽ 2ലും റോഡ് നിർമ്മാണ പദ്ധതി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.