ദുബൈ: ലോകത്തിന് സ്നേഹമൂട്ടാൻ യു.എ.ഇ നടപ്പാക്കുന്ന 100 മില്യൻ മീൽസ് കാമ്പയിന് ലഭിക്കുന്നത് അസൂയാർഹമായ പിന്തുണ. പദ്ധതി പ്രഖ്യാപിച്ച് ഒരാഴ്ച കഴിയുന്നതിനിടെ ലക്ഷ്യം 50 ശതമാനം പിന്നിട്ടു. ഏപ്രിൽ 11ന് കാമ്പയിൻ ആരംഭിച്ചതിന് അഞ്ച് ദിവസത്തിനകം 43 മില്യൻ ദിർഹം സമാഹരിച്ചതായി മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ) ഡയറക്ടർ സാറ അൽനുഐമി വ്യക്തമാക്കി.
ജനജീവിതത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരി നിലനിൽക്കുമ്പോൾതന്നെ രണ്ടാമത്തെ റമദാൻ കടന്നെത്തുന്ന പശ്ചാത്തലത്തിൽ, ഇമാറാത്തി മണ്ണിൽ ജീവിക്കുന്നവരെയും ഒപ്പം സമീപരാജ്യങ്ങളെയും ചേർത്തുപിടിക്കാൻ 10 കോടിയിൽപരം ഭക്ഷണപ്പൊതികൾ അർഹരുടെ കൈകളിലേക്ക് എത്തിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പദ്ധതിയാണ് '100 മില്യൻ മീൽസ്'കാമ്പയിൻ.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ 20 രാജ്യങ്ങളിലെ പ്രതിസന്ധിയിൽ കഴിയുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്ഷണപ്പൊതികളെത്തിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സുഡാൻ, ലബനാൻ, ജോർദാൻ, പാകിസ്താൻ, അംഗോള, ഉഗാണ്ട, സിയറ ലിയോൺ, ഘാന, താൻസനിയ, സെനഗൽ, ഈജിപ്ത്, ഇന്ത്യ, ബംഗ്ലാദേശ്, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ ഗുണഭോക്താക്കൾക്ക് മഹാമാരിക്കാലത്ത് പദ്ധതി താങ്ങാവും. താഴ്ന്ന വരുമാനക്കാർ, തൊഴിലാളികൾ, കോവിഡ് ദുരിതത്താൽ വലയുന്നവർ, ജോലി നഷ്ടമായവർ എന്നിവരെ സഹായിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
ദുബൈയിൽ താമസിക്കുന്ന 115ഓളം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ, പൊതുജനങ്ങൾ, സ്വകാര്യ കമ്പനികൾ, താമസക്കാർ, ചാരിറ്റി സംഘടനകൾ, സംരംഭകർ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, ചാരിറ്റി പ്രവർത്തകർ എന്നിവരിൽ നിന്നും പിന്തുണ സ്വീകരിച്ച് സുഡാൻ, ലബനാൻ, ജോർദൻ, പാകിസ്താൻ, അംഗോള, ഉഗാണ്ട, ഈജിപ്ത് തുടങ്ങി 20 രാജ്യങ്ങളിലെ നിർധനരായ കുടുംബങ്ങൾക്ക് റമദാനിൽ ഭക്ഷണമെത്തിക്കാനാണ് പദ്ധതി തയാറാക്കിയത്. 'ഒരു ദിർഹമിന് ഒരു ഭക്ഷണപ്പൊതി'എന്ന കാമ്പയിനിലൂടെ ആർക്കും പദ്ധതിയിലേക്ക് സംഭാവനകൾ ചെയ്യാം. പ്രതിസന്ധിയിൽ കഴിയുന്ന ലോകജനതക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. വിശുദ്ധ റമദാൻ മാസത്തിൽ ഭക്ഷണം നൽകുന്നത് യു.എ.ഇയിൽനിന്ന് മനുഷ്യരാശിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ഒന്നാണെന്ന് പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പറഞ്ഞു.
ലോക പട്ടിണിയെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളോടുള്ള യു.എ.ഇയുടെ പ്രതികരണത്തിെൻറ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. കോവിഡ് മാഹാമാരി പൊട്ടിപ്പുറപ്പെട്ടതിലൂടെ ലോകത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾ കൂടുതൽ അരക്ഷിതാവസ്ഥയിലേക്കും ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും ആഴ്ന്നുപോയി. 2030 ഓടെ ലോകത്തെ പട്ടിണി അവസാനിപ്പിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ രണ്ടാമത്തേത് നേടാൻ അന്താരാഷ്ട്ര സമൂഹത്തെ സഹായിക്കാനും ഈ കാമ്പയിൻ ലക്ഷ്യമിടുന്നു. യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിങ് റീജനൽ നെറ്റ്വർക്, ഗുണഭോക്തൃ രാജ്യങ്ങളിലെ മാനുഷിക, ചാരിറ്റി ഓർഗനൈസേഷനുകൾ, മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെൻറ് (എം.ബി.ആർ.സി.എച്ച്), യു.എ.ഇ ഫെഡറൽ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് എം.ബി.ആർ.ജി.ഐ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ റമദാൻ മാസത്തിൽ യു.എ.ഇയിൽ നടന്ന '10 മില്യൻ മീൽസ്'കാമ്പയിൻ വിപുലീകരിച്ചാണ് ഇത്തവണ '100 മില്യൻ മീൽസ്'പദ്ധതി ഒരുക്കിയത്. കഴിഞ്ഞ വർഷം യു.എ.ഇക്കുള്ളിൽ മാത്രമായിരുന്നു ഭക്ഷണവിതരണമെങ്കിൽ ഇത്തവണ ഞങ്ങൾ പത്ത് മടങ്ങ് കൂട്ടി സമീപ രാജ്യങ്ങളിലുള്ളവർക്കും കരുതലൊരുക്കുകയാണ്.
ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന മറ്റ് രാജ്യങ്ങളെ സഹായിക്കാൻ ആഗോളതലത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ പട്ടിണിയും പോഷകാഹാരക്കുറവും വരുത്തിവെക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരവും ഒപ്പം ഭക്ഷ്യസുരക്ഷ സുസ്ഥിരമാക്കുകയുമാണ് ലക്ഷ്യം -എം.ബി.ആർ.ജി.ഐ ഡയറക്ടർ സാറ അൽ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.