ദുബൈ: വരും വർഷങ്ങളിൽ രാജ്യം സാമ്പത്തിക രംഗത്ത് കുതിപ്പിന് ഒരുങ്ങുകയാണെന്നും വളർച്ചാ നിരക്ക് 7ശതമാനമാക്കുകയാണ് ലക്ഷ്യമെന്നും യു.എ.ഇ സാമ്പത്തികകാര്യ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി. ബ്ലൂംബർഗ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊത്ത ആഭ്യന്തര ഉൽപാദനം അടുത്ത വർഷങ്ങളിൽ ഇരട്ടിയിലേറെ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി സമ്പദ്വ്യവസ്ഥ 2030ഓടെ മൂന്ന് ലക്ഷം കോടി ദിർഹമിലെത്തും -അദ്ദേഹം വ്യക്തമാക്കി. ക്രൂഡ് ഓയിലിന്‍റെ വിലവർധനവും ഉൽപാദനം കൂടിയതും കാരണമായി കഴിഞ്ഞ വർഷം രാജ്യം എട്ടു ശതമാനത്തോളം വളർച്ചയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഈ വർഷം കുറഞ്ഞ വേഗതയിലാണ് മുന്നോട്ടുപോവുകയെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനം. ഈ സാഹചര്യത്തിൽ സാമ്പത്തിക മേഖലയുടെ വളർച്ചക്കായി വിവിധ രാജ്യങ്ങളുമായി ഉഭകക്ഷി വ്യാപാരവും സഹകരണവും വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യം.
എന്നാൽ ചൈനയിലെ വളർച്ചാ മന്ദഗതി, ആഗോള സമ്പദ്വ്യവസ്ഥയിലെ തടസങ്ങൾ എന്നിവ വെല്ലുവിളി ഉയർത്തുന്നുണ്ട് -മന്ത്രി വിശദീകരിച്ചു. എണ്ണയുൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ മൂന്നാമത്തെ ഏറ്റവും വലിയ ഉൽപാദകരാണ് യു.എ.ഇ. നിലവിൽ വിവിധ പദ്ധതികളിലൂടെ ബിസിനസിന്‍റെയും സാമ്പത്തിക പ്രവർത്തനങ്ങളുടെയും ഒരു ഹബ്ബാക്കി മാറ്റാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ, തുർക്കി തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളുമായി ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള വ്യപാര കരാറുകൾ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഒപ്പുവെച്ചിട്ടുമുണ്ട്. കഴിഞ്ഞ ആഴ്ചയിൽ മാത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാന്‍റെയും ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെയും സന്ദർശന സമയത്ത് വിവിധ വ്യപാര കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ഇതെല്ലാം രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യ-യുക്രൈയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഡോളറിൽ അല്ലാതെ വ്യാപാരം നടത്തുന്നതിന് ലോകത്തെ വിവിധ രാജ്യങ്ങൾ ആരംഭിച്ച ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയുമായി പ്രദേശിക കറൻസികളിൽ വ്യാപാരത്തിനും കരാറിലെത്തിയിരുന്നു. ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകുന്ന നാലാമത്തെ ഏറ്റവും വലിയ രാജ്യമാണ് യു.എ.ഇ. അതോടൊപ്പം, എൽ.പി.ജി, എൽ.എൻ.ജി എന്നിവ നൽകുന്ന രണ്ടാമത്തെ ഏറ്റവും വലിയ രാജ്യവുമാണ്. ഈ സാഹചര്യത്തിൽ കരാർ ഇന്ത്യക്കും യു.എ.ഇക്കും വലിയ നിലയിൽ സഹായകമാകുന്നതാണ്. അതേസമയം തുർക്കിയുമായും വ്യപാരത്തിൽ വലിയ വളർച്ച നേടുന്നതിന് അവസാനഘട്ട കൂടിയാലോനകൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അൽ മർറി അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.