ദുബൈ: അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിന് അടുത്ത അഞ്ചു വർഷത്തേക്ക് ഹോം ഗ്രൗണ്ടൊരുക്കി യു.എ.ഇ. ഇതുസംബന്ധിച്ച കരാറിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡും ഒപ്പുവെച്ചു. നേരത്തേ പാകിസ്താന്‍റെയും ഹോം ഗ്രൗണ്ടായിരുന്നു യു.എ.ഇ.നിലവിൽ അഫ്ഗാൻ ടീം യു.എ.ഇയിൽ കളിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഓരോ പരമ്പരയിലും കരാറുണ്ടാക്കുകയായിരുന്നു പതിവ്. എന്നാൽ, ഇനിമുതൽ അഫ്ഗാൻ ടീമിന്‍റെ ഹോം മത്സരങ്ങൾക്കെല്ലാം യു.എ.ഇ ആതിഥേയത്വം വഹിക്കും. അഫ്ഗാനിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അവിടെ ക്രിക്കറ്റ് കളിക്കാൻ കഴിയാത്തതിനാലാണ് യു.എ.ഇ സഹായമൊരുക്കുന്നത്.
അന്താരാഷ്ട്ര ടീമുകളൊന്നും അഫ്ഗാനിൽ കളിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ കൂടിയാണ് തീരുമാനം. ഇതോടെ, അഫ്ഗാൻ ടീമിന് കൂടുതൽ അന്താരാഷ്ട്ര മത്സരം കളിക്കാൻ കഴിയും. എല്ലാവർഷവും മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പര യു.എ.ഇയുമായി കളിക്കാനും തീരുമാനമായി. അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന് യു.എ.ഇയിൽ ഓഫിസ് സൗകര്യം നൽകും. വിസ നടപടികൾ ഉൾപ്പെടെ എളുപ്പമാക്കും.
അടുത്ത വർഷം ആസ്ട്രേലിയ, പാകിസ്താൻ, വെസ്റ്റിൻഡീസ് എന്നീ ടീമുകൾക്കെതിരായ ഏകദിന മത്സരങ്ങൾക്ക് അഫ്ഗാനിസ്താൻ ആതിഥേയത്വം വഹിക്കും. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലായിരിക്കും മത്സരം. ഇതിനുപുറമെ, സിംബാബ്വെക്കെതിരായ ഏകദിന, ട്വന്‍റി20, ടെസ്റ്റ് മത്സരങ്ങളും യു.എ.ഇയിൽ നടക്കും. 2013ൽ ലാഹോറിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയായിരുന്നു അഫ്ഗാനിസ്താന്‍റെ പരിശീലന മൈതാനം. 2017ൽ സമാന കരാർ പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി ഒപ്പുവെച്ചിരുന്നു. ഇതിനിടയിൽ 2015ൽ ഡൽഹിയിലെ ഗ്രേറ്റർ നോയ്ഡയിൽ പരിശീലിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായി കരാർ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.