ദുബൈ: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ കൊണ്ടുവരാൻ അമേരിക്ക സഹായിക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. യു.എന്നിലെ യു.എ.ഇ അംബാസഡർ ലെന നുസൈബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാനുഷിക വെടിനിർത്തൽ അനിവാര്യമാണ്. നമുക്കിനി അടുത്ത നൂറുദിവസം കൂടി കാത്തിരിക്കാനാവില്ല. അപകടസാധ്യത വളരെ കൂടുതലാണ്. വളരെ വ്യക്തമായിത്തന്നെ അസ്ഥിരപ്പെടുത്തുന്ന മുറിവായി ഗസ്സ മാറിയിട്ടുണ്ട് -അവർ വ്യക്തമാക്കി.
ഗസ്സയിലെ യുദ്ധം മേഖലയിൽ വിവിധ തലങ്ങളിൽ സംഘർഷങ്ങൾക്ക് കാരണമായ പശ്ചാത്തലത്തിലാണ് വെടിനിർത്തലിന് യു.എ.ഇ വീണ്ടും ആവശ്യമുന്നയിച്ചത്.
യുദ്ധത്തിന്റെ ആരംഭം മുതൽ വെടിനിർത്തലിന് സമാധാനപരമായ പരിഹാരത്തിനും യു.എ.ഇ ആവശ്യമുന്നയിക്കുന്നുണ്ട്. അതോടൊപ്പം മാനുഷിക സഹായങ്ങളും നിരന്തരം യു.എ.ഇ ഗസ്സയിലെത്തിക്കുന്നുണ്ട്.
ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് ശൈത്യകാലത്തേക്ക് പ്രത്യേകമായി നൽകുന്ന യു.എ.ഇയുടെ സഹായവസ്തുക്കൾ കഴിഞ്ഞ ആഴ്ച എത്തിച്ചിരുന്നു. ചികിത്സ, ഭക്ഷണം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിന് യു.എ.ഇ വിവിധ സംവിധാനങ്ങൾക്ക് രൂപം നൽകുകയുണ്ടായി. ഗസ്സയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനായി അൽ ആരിഷിൽ യു.എ.ഇ വെയർഹൗസ് തുറന്നിട്ടുണ്ട്. യുദ്ധത്തിൽ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് എത്തിക്കേണ്ട വിവിധ സഹായവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരിക്കയാണ്. ആവശ്യമനുസരിച്ച് ഗസ്സയിലേക്ക് ഇവിടെനിന്ന് എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.