ദുബൈ: മൊറോക്കോയിൽ ആയിരങ്ങൾ മരിച്ച ഭൂകമ്പത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട യു.എ.ഇ വനിത ബാസ്കറ്റ്ബാൾ താരങ്ങൾ ദുബൈയിൽ തിരിച്ചെത്തി. അറബ് വുമൺസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് താരങ്ങൾ മറാക്കിഷിൽ എത്തിയത്. കുവൈത്ത്, അൽജീരിയ, സൊമാലിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും ഉണ്ടായിരുന്നു. രാത്രി എല്ലാവരും ഉറങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രകമ്പനം അനുഭവപ്പെട്ടതെന്ന് താരങ്ങൾ പറയുന്നു. കൂട്ടക്കരച്ചിലും ബഹളവും കേട്ടതോടെ എല്ലാവരും ഹോട്ടലിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു. ഹോട്ടലിലെ പല ഭാഗങ്ങളിലും ചുമരുകളും മേൽക്കൂരയും ഫർണിച്ചറുകളും തകർന്നു വീണെങ്കിലും ആർക്കും പരിക്കില്ല. പുറത്ത് പാർക്ക് ചെയ്തിരുന്ന ബസിൽ രാത്രി മുഴുവൻ കഴിഞ്ഞ ശേഷമാണ് താരങ്ങളെ മറ്റൊരു നഗരമായ കാസാബ്ലാങ്കയിൽ എത്തിച്ചത്. ഇവിടെ നിന്ന് ദുബൈയിലേക്ക് വിമാനം ഏർപ്പാടാക്കിയാണ് കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലെത്തിച്ചത്. ഭയപ്പെടുത്തുന്നതും അപ്രതീക്ഷിതവുമായ അനുഭവത്തിൽ ഞെട്ടിപ്പോയതായി ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
മാതാവിനോട് ഫോണിൽ സംസാരിക്കുമ്പോഴാണ് ഭൂമികുലുക്കമുണ്ടായതെന്നും ആദ്യം എന്താണെന്ന് മനസ്സിലായില്ലെന്നും ടീമിലെ അംഗമായ ഇമാറാത്തി ഹയാത്ത് സാഖിർ പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ സ്തംഭിച്ച ഒരു നിമിഷത്തിന് ശേഷം എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഉറക്കത്തിന് ഒരുങ്ങുന്ന സമയമായതിനാൽ വസ്ത്രങ്ങളും മറ്റും എടുക്കാനും ആർക്കും സമയം ലഭിച്ചിരുന്നില്ല. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് റൂമിൽ പോയി സാധനങ്ങൾ എടുക്കാൻ സാധിച്ചത്. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു ദുരന്തം -അവർ കൂട്ടിച്ചേർത്തു. സെപ്റ്റംബർ ആറിന് ആരംഭിക്കേണ്ട ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി 10 താരങ്ങളും രണ്ട് കോച്ചുമാരും ഒരു രക്ഷിതാവും ഫിസിയോതെറപ്പിസ്റ്റും മൂന്ന് മറ്റു സ്റ്റാഫുകളും അടങ്ങുന്ന സംഘമാണ് മൊറോക്കോയിൽ എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.