ദുബൈ: പ്രളയം കനത്ത ദുരിതം വിതച്ച ലിബിയയിലേക്ക് തുടർച്ചയായി സഹായമെത്തിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശത്തെ തുടർന്ന് റിലീഫ് വസ്തുക്കളും രക്ഷാപ്രവർത്തകരെയും അയക്കുന്നത് തുടരുകയാണ്. ഇതിനകം എയർ ബ്രിഡ്ജിലൂടെ യു.എ.ഇ 17 വിമാനങ്ങളിലായി 450 ടൺ റിലീഫ് വസ്തുക്കളാണ് എത്തിച്ചിട്ടുള്ളത്.
ഭക്ഷ്യവസ്തുക്കൾ, താൽക്കാലിക താമസ സംവിധാനങ്ങൾ, ആരോഗ്യപരിരക്ഷ വസ്തുക്കൾ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ എന്നിവയാണ് പ്രധാനമായും അയച്ചിരിക്കുന്നത്. കിഴക്കൻ ലിബിയയിൽ ഏറ്റവും കൂടുതൽ ദുരിതംബാധിച്ച സ്ഥലങ്ങളിലാണ് പ്രധാനമായും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്. ആധുനിക സജ്ജീകരണങ്ങളോടെയാണ് രക്ഷാപ്രവർത്തകരെ അയച്ചിട്ടുള്ളത്. വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ സാധിക്കുന്ന സംവിധാനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിനകമയച്ച 96 രക്ഷാപ്രവർത്തകർ പല ദുരന്തഭൂമികളിലും പ്രവർത്തിച്ചവരാണ്.
നാല് ഹെലികോപ്ടറുകൾ, മൃതദേഹങ്ങൾ എടുക്കുന്നതിനും രക്ഷപ്പെട്ടവരെ തിരയുന്നതിനും റിക്കവറി ക്രൂസറുകൾ, വെള്ളത്തിനടിയിലും മറ്റും തിരച്ചിൽ നടത്താനുള്ള ഉപകരണങ്ങൾ, മൊബൈൽ പവർ സ്റ്റേഷൻ, ജനറേറ്ററുകൾ എന്നിവയും ടീം അംഗങ്ങൾക്ക് സജ്ജമാണ്.
ആംബുലൻസുകൾ അടക്കമുള്ള മെഡിക്കൽ ടീമിനെ അയക്കുന്നതിനും ആലോചനയുണ്ട്. നിലവിൽ കിഴക്കൻ ലിബിയയിലുള്ള എമിറേറ്റ്സ് റെഡ് ക്രസന്റ് സംഘമാണ് നിലവിലെ യഥാർഥ ആവശ്യങ്ങൾ പഠിക്കുന്നതിനും ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനും നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.