ദുബൈ: ഫെബ്രുവരിയിലുണ്ടായ ഭൂകമ്പത്തിലെ ഇരകൾക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി സിറിയയിൽ യു.എ.ഇ 1000 വീടുകൾ പണി പൂർത്തിയാക്കി. 6.5 കോടി ദിർഹം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ്ധതിയിലൂടെ 6000 പേർക്ക് താമസത്തിന് സൗകര്യമൊരുങ്ങും. വളരെ വേഗത്തിൽ നിർമിക്കാൻ കഴിയുന്ന വീടുകളാണ് ആസൂത്രണം ചെയ്ത് പണിതുയർത്തിയത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന വീടുകളിൽ ഓരോന്നിനും രണ്ട് കിടപ്പുമുറികൾ, ഒരു സ്വീകരണമുറി, ഒരു അടുക്കള, ഒരു കുളിമുറി എന്നിവയുണ്ട്. ലതാകിയ ഗവർണറേറ്റിലെ തിരഞ്ഞെടുത്ത ഏഴ് പ്രദേശങ്ങളിലാണ് വീടുകൾ നിർമിച്ചത്.
നിർമാണ പ്രവർത്തനങ്ങൾക്കും അർഹരായ കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നതിനും പ്രാദേശിക വികസന അതോറിറ്റി, ലതാകിയ ഗവർണറേറ്റ് കൗൺസിൽ, സിറിയൻ റെഡ് ക്രസന്റ്, മറ്റ് പ്രധാന അധികാരികൾ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ദുരന്തബാധിതർക്ക് മാനുഷിക പിന്തുണ നൽകുന്നതിന് യു.എ.ഇയുടെ പ്രതിജ്ഞാബദ്ധതക്ക് അനുസൃതമായാണ് ഭവന സഹായമെന്ന് ഇ.ആർ.സി ചെയർമാൻ ഡോ. ഹംദാൻ അൽ മസ്റൂയി പറഞ്ഞു. വെല്ലുവിളി നിറഞ്ഞ സമയത്ത് യു.എ.ഇ നൽകിയ സഹായത്തിന് ലതാകിയ ഗവർണർ അമർ ഹിലാൽ നന്ദി പറഞ്ഞു.
ദിവസങ്ങൾക്കു മുമ്പ് സിറിയയിലേക്ക് 2000 ടൺ സഹായവസ്തുക്കൾ യു.എ.ഇ എത്തിച്ചിരുന്നു. കപ്പലിൽ അയച്ച അവശ്യ സാധനങ്ങളും മരുന്നുകളുമടങ്ങിയ വസ്തുക്കൾ സിറിയയിലെ ലതാകിയ തുറമുഖത്താണ് എത്തിച്ചത്. ഭക്ഷ്യവസ്തുക്കളും ആരോഗ്യരക്ഷ ഉപകരണങ്ങളും തണുപ്പുകാലത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങളുമാണ് പ്രധാനമായും ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് സഹായം എത്തിച്ചത്. 1,040 ടൺ ഭക്ഷണം, 600 ടൺ ദുരിതാശ്വാസ, വൈദ്യസഹായം, 573 ടൺ നിർമാണ സാമഗ്രികൾ എന്നിവയാണ് കപ്പലിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.