ദുബൈ: യു.എ.ഇയിൽ ആദ്യമായി ഡ്രൈവറില്ലാ കാറുകൾ റോഡിലിറക്കാൻ ലൈസൻസ് ഏർപ്പെടുത്തി. തിങ്കളാഴ്ച യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ അൽ വതൻ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗമാണ് പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത്.
ശൈഖ് മുഹമ്മദ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചു. ചൈനീസ് കമ്പനിയായ വി റൈഡിനാണ് ലൈസൻസ് ലഭിച്ചിരിക്കുന്നത്. ചൈനയിലെ ഗ്യാൻഷു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി രാജ്യത്ത് വ്യത്യസ്ത രൂപത്തിലുള്ള സ്വയം നിയന്ത്രണ വാഹനങ്ങൾ നിരത്തിലിറക്കും. അബൂദബിയിലും മറ്റ് നഗരങ്ങളിലും സെന്ററുകളുള്ള കമ്പനി ലോകത്തെ 26 നഗരങ്ങളിൽ സ്വയം നിയന്ത്രണ ഡ്രൈവിങ്ങിൽ ഗവേഷണവും പ്രവർത്തനവും നടത്തിവരുന്നുണ്ട്.
റോബോ ടാക്സി, റോബോ ബസ്, റോബോസ്വീപ്പർ, അഡ്വാൻസ് ഡ്രൈവിങ് സൊലൂഷൻസ്, ഓൺലൈൻ സേവനത്തിനായുള്ള സ്മാർട്ട് സർവിസ്, ഓൺ ഡിമാൻഡ് ട്രാൻസ്പോർട്ട്, അർബൻ ലോജിസ്റ്റിക്സ് തുടങ്ങിയ സേവനങ്ങളും കമ്പനി നൽകിവരുന്നു. അതേസമയം, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രിക് ചാർജിങ് ഉപകരണങ്ങൾ എന്നിവക്കായി ദേശീയശൃംഖല നിർമിക്കുക, ഇലക്ട്രിക് വാഹന വിപണി നിയന്ത്രണം, ഇ.വി. വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ച് കാർബൺ ബഹിർഗമനം കുറക്കുക, പരമ്പരാഗത ഊർജ ഉപഭോഗം കുറക്കുക, നിലവാരമുള്ള റോഡുകൾ നിലനിർത്തുക തുടങ്ങിയ കാര്യങ്ങളിലും പുതിയ ദേശീയ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.