അബൂദബി: കാലാവസ്ഥ വ്യതിയാനത്തിനെതിരായ ആഗോള നടപടിക്ക് ആഹ്വാനം ചെയ്ത് കോപ് 28 നിയുക്ത പ്രസിഡന്റും വ്യവസായ, നൂതന സാങ്കേതിക വിദ്യ മന്ത്രിയുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബിര്‍. യു.എന്‍ കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ന് ദുബൈ ഡിസംബറില്‍ വേദിയാവുന്നതിനു മുന്നോടിയായി അബൂദബിയില്‍ നടക്കുന്ന ദ്വിദിന ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറിലധികം പ്രതിനിധികളും വിവിധ രാജ്യങ്ങളില്‍ നിന്നായി 70 മന്ത്രിമാരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ ഏവരും ഒന്നിക്കണമെന്നും ഉദ്ഘാടന സെഷനില്‍ അദ്ദേഹം വ്യക്തമാക്കി. 2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 43 ശതമാനമായി കുറക്കുന്നതിന് ശക്തമായ പരിഹാരം അനിവാര്യമാണ്. മീഥൈൻ പുറന്തള്ളല്‍ 2030ഓടെ അവസാനിപ്പിക്കണമെന്ന കോപ് 28ന്റെ ആഹ്വാനം ഇതുവരെ ഇരുപതിലേറെ എണ്ണ, പ്രകൃതിവാതക കമ്പനികള്‍ ഏറ്റെടുത്തുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം നേരിടുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ക്കിടയിലുള്ള ഭിന്നത പരിഹരിക്കുന്നതും ഉച്ചകോടി വന്‍ വിജയമാക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കുമായാണ് അബൂദബിയില്‍ ദ്വിദിന ചര്‍ച്ച നടക്കുന്നത്. സാധാരണഗതിയില്‍ നടക്കുന്ന കോപ് മുന്നൊരുക്ക യോഗങ്ങളില്‍നിന്ന് വിഭിന്നമായി വന്‍ പങ്കാളിത്തമാണ് ഇത്തവണയുള്ളതെന്നത് ശ്രദ്ധേയമാണ്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബൈ എക്സ്പോ സിറ്റിയില്‍ ആണ് കോപ് 28 ഉച്ചകോടി നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.