ദുബൈ: ഇസ്രായേൽ ധനമന്ത്രി ബെത്സലൽ സ്മോട്രികിന്റെ വിദ്വേഷ പ്രസ്താവനക്കെതിരെ യു.എ.ഇ. സഹിഷ്ണുതക്കും ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനും എതിരാണ് വിവാദ പ്രസ്താവനയെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമം ഹുവാര തുടച്ചുനീക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവന. സയണിസ്റ്റ് അതിക്രമത്തെ തുടർന്ന് ഫലസ്തീൻ ജനത നടത്തിയ നേരിയ ചെറുത്തുനിൽപാണ് അപകടകരമായ വിദ്വേഷ പ്രസ്താവന നടത്താൻ ഇസ്രായേൽ മന്ത്രിയെ പ്രേരിപ്പിച്ചത്. പ്രസ്താവന പിൻവലിക്കണമെന്ന് അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ധാർമികതക്കും മാനുഷിക മൂല്യങ്ങൾക്കും നിരക്കാത്ത എല്ലാ നടപടികളെയും സമീപനങ്ങളെയും യു.എ.ഇ തള്ളുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങളും അക്രമവും അമർച്ച ചെയ്യണം. സഹിഷ്ണുതയുടെയും പരസ്പര സൗഹാർദത്തിന്റെയും സന്ദേശം പ്രചരിപ്പിക്കണം. അതിലൂടെ മാത്രമേ മേഖലയിൽ സംഘർഷവും അസ്ഥിരതയും ഇല്ലായ്മ ചെയ്യാൻ സാധിക്കൂ എന്നും യു.എ.ഇ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യൻ സമാധാനം ഉറപ്പാക്കാനുള്ള അന്തർദേശീയ, പ്രാദേശിക നീക്കങ്ങളോട് പൂർണമായും സഹകരിക്കുമെന്നും യു.എ.ഇ ഉറപ്പു നൽകി. ദ്വിരാഷ്ട്ര പ്രശ്നപരിഹാര ഫോർമുലക്ക് വിരുദ്ധമായ എല്ലാ നീക്കവും തടയണം.
1967ലെ അതിർത്തിയെ ആസ്പദമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽവരണമെന്ന പ്രഖ്യാപിത നിലപാടാണ് യു.എ.ഇയുടെതെന്നും പ്രസ്താവന വ്യക്തമാക്കി. അധിനിവിഷ്ട –ഫലസ്തീൻ പ്രദേശങ്ങളിലെ അന്യായ കുടിയേറ്റം തടയണമെന്നാവശ്യപ്പെട്ട് യു.എ.ഇ കഴിഞ്ഞ ദിവസം യു.എൻ രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.