ദുബൈ: ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിൽ യു.എ.ഇ ഔദ്യോഗികമായി എംബസി പ്രവർത്തനം ആരംഭിച്ചു.കഴിഞ്ഞവർഷം ഒപ്പുവെച്ച അബ്രഹാം കരാറിലെ ധാരണപ്രകാരമാണ് ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്ന നടപടി. എംബസി ഉദ്ഘാടന ചടങ്ങിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ പ്രസിഡൻറ് ഐസക് ഹെർസോഗ്, യു.എ.ഇ ഭക്ഷ്യ-ജല സുരക്ഷ വകുപ്പ് മന്ത്രി മറിയം അൽ മുഹൈരി, യു.എ.ഇ അംബാസഡർ മുഹമ്മദ് അൽ ഖാജ എന്നിവർ പങ്കെടുത്തു.
യു.എ.ഇ പതാക ഉയർത്തിയും റിബൺ മുറിച്ചും നടന്ന ചടങ്ങിന് ശേഷം തെൽഅവീവ് സ്റ്റോക് എക്സ്ചേഞ്ചിൽ വ്യാപാരം ആരംഭിച്ചു.ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം മേഖലക്ക് ഗുണം ചെയ്യുമെന്ന് ഇസ്രായേൽ പ്രസിഡൻറ് പറഞ്ഞു. എംബസി നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ള സ്ഥലമായി മാത്രമല്ല, പുതിയ ബന്ധം കെട്ടിപ്പടുക്കുന്ന കേന്ദ്രമായും സമാധാനത്തിെൻറ മാതൃക രൂപപ്പെടുത്തുന്ന ആസ്ഥാനമായും പ്രവർത്തിക്കുമെന്ന് അംബാസഡർ മുഹമ്മദ് അൽ ഖാജ ചടങ്ങിൽ പറഞ്ഞു.
യു.എ.ഇ ഭക്ഷ്യ-ജല സുരക്ഷ വകുപ്പ് മന്ത്രി മറിയം അൽ മുഹൈരിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ് ചടങ്ങ് ഒരുക്കിയത്. കാർഷികരംഗത്ത് ഇരുരാജ്യങ്ങളും ഗവേഷണത്തിനും നവീകരണത്തിനും പ്രാധാന്യം നൽകുന്ന കരാറിൽ മന്ത്രിതലയോഗത്തിൽ ഒപ്പുവെച്ചു.
കഴിഞ്ഞമാസം ഇസ്രായേൽ വിദേശകാര്യമന്ത്രി യായിർ ലാപിഡ് യു.എ.ഇ സന്ദർശിക്കുകയും അബൂദബിയിൽ എംബസിയും ദുബൈയിൽ കോൺസുലേറ്റും ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.