അബൂദബി: ഉഷ്ണതരംഗം മൂലം അബൂദബിയില്‍ രണ്ടുവര്‍ഷത്തിനിടെ ചത്തത് 1.60 ലക്ഷം കിലോ മത്സ്യം. ഉഷ്ണതരംഗത്തെ തുടര്‍ന്ന് 2020-2021 വര്‍ഷങ്ങളിലായി ചത്ത മത്സ്യ സമ്പത്തിനെക്കുറിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ മറികടക്കാമെന്നും പരിഹാരമാര്‍ഗങ്ങളുമായിരുന്നു പരിസ്ഥിതി ഏജന്‍സിയിലെ വിദഗ്ധ സംഘം നിരീക്ഷിച്ചത്. 2020ല്‍ 15 ഇനങ്ങളിലായി 1,48,000 കിലോ മത്സ്യമാണ് ചത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ല്‍ ഇവയുടെ എണ്ണം 17,750 കിലോയായി കുറഞ്ഞു. 2020ലും 2021ലും അബൂദബിയില്‍ ഉഷ്ണതരംഗം അതികഠിനമായിരുന്നു. 15 ദിവസത്തിലേറെ നീണ്ടുനിന്നു.
തീക്ഷ്ണവും നീണ്ടുനില്ക്കുന്നതുമായ ഉഷ്ണതരംഗം മനുഷ്യസമൂഹത്തിനും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്. മത്സ്യങ്ങളുടെ മരണനിരക്ക് വര്‍ധിപ്പിക്കുന്നതിലും പവിഴപ്പുറ്റുകളുടെ നാശത്തിനും ഇത് കാരണമാകുന്നു. വളരെക്കാലം നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗം ഉയര്‍ത്തുന്ന ഭീഷണി സംബന്ധിച്ചും ആഗോളതലത്തില്‍ പഠനം നടക്കുന്നുണ്ട്.
മൂന്നു പതിറ്റാണ്ടിനിടെ അറേബ്യന്‍ കടലിടുക്കില്‍ ഗുരുതര മാറ്റങ്ങളും പ്രകൃതി വ്യതിയാനങ്ങളും സംഭവിച്ചതായും ഗവേഷകര്‍ കണ്ടെത്തി. മത്സ്യങ്ങളുടെ നാശത്തിന് കാരണമാവുമെന്നും അവയുടെ കുടിയേറ്റത്തിനും ജൈവവൈവിധ്യത്തിനും വിഘാതമാവുമെന്നുമാണ് കണ്ടെത്തല്‍. ചില സീസണുകളില്‍ അറേബ്യന്‍ കടലില്‍ ഓക്സിജന്റെ അളവ് വളരെ കുറഞ്ഞുപോകുന്നതായി ഗവേഷണത്തില്‍ വ്യക്തമായി.
ഈ മാറ്റങ്ങള്‍ മേഖലയിലെ ജൈവസംവിധാനങ്ങളെയും മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. 1982 മുതല്‍ 2010 വരെ കടലിന്റെ അടിത്തട്ടിലെ ഓക്സിജന്‍ ലഭ്യതക്കുറവിന്റെ സമുദ്രമാതൃക ഉപയോഗപ്പെടുത്തിയാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച് കണ്ടെത്തിയത്. സമുദ്രാന്തര്‍ ഭാഗത്തെ ഓക്സിജന്റെ ലഭ്യതക്കുറവ് മത്സ്യവൈവിധ്യത്തിന്റെ നാശത്തിനു കാരണമാവും. മത്സ്യങ്ങള്‍ മറ്റിടങ്ങളിലേക്ക് കുടിയേറുന്നതിനും ഈ അവസ്ഥ കാരണമാകുമെന്ന് ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.