അബൂദബി: യു.എ.ഇയിലെ ആദ്യത്തെ പരീക്ഷണ വെര്‍ട്ടിപോര്‍ട്ട് അബൂദബിയില്‍ ആരംഭിക്കും. വെർട്ടിക്കൽ ലാൻഡിങ്ങിനും ടേക്ക് ഓഫിനും കഴിയുന്ന എയർപോർട്ടാണ് വെർട്ടിപോർട്ട്.
മള്‍ട്ടിലെവല്‍ ഗ്രൂപ്പിന്റെ ഉപകമ്പനിയായ അഡ്വാന്‍സ്ഡ് മൊബിലിറ്റിയാണ് (എ.എം.എച്ച്) വെര്ട്ടിപോര്ട്ടിനു പിന്നില്‍. എമിറേറ്റില്‍ നൂതന സുസ്ഥിര ഗതാഗതം കൊണ്ടുവരുന്നതിന്റെ ഭാഗമായി എ.എം.എച്ച് ആദ്യ സ്വയം നിയന്ത്രിത ഡ്രോണ്‍ പരീക്ഷണവും പോര്‍ട്ട് സായിദിലെ അബൂദബി ക്രൂയിസ് ടെര്‍മിനലില്‍ നടത്തും.
വെര്‍ട്ടിക്കില്‍ ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും ചരക്ക് നീക്കത്തിനും പുറമേ രണ്ടുമുതല്‍ അഞ്ചുവരെ ആളുകളെ വഹിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വിമാനങ്ങള്‍ ഉപയോഗപ്പെടുത്തി സുസ്ഥിര ഗതാഗത അവസരങ്ങളിലേക്ക് നയിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. കപ്പല്‍ യാത്രികര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുക, ആകാശക്കാഴ്ച പ്രദാനം ചെയ്ത് യു.എ.ഇയിലെ വിനോദസഞ്ചാര മേഖലക്ക് കരുത്തുപകരുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണെന്ന് മള്‍ട്ടി ലെവല്‍ ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് സലാഹ് പറഞ്ഞു.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിനും പ്രവര്‍ത്തനച്ചെലവ് കുറച്ചും ചരക്കുനീക്ക ക്ഷമത വര്‍ധിപ്പിക്കുന്ന പദ്ധതി വികസിപ്പിക്കുന്നതിനും അഡ്നോക്, എഡിപോര്ട്സ് ഗ്രൂപ്, മള്‍ട്ടിലെവല്‍ ഗ്രൂപ് എന്നിവ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. പെട്രോളിയം സേവന മേഖലയുടെ കരയിലൂടെയും കടലിലൂടെയുമുള്ള ചരക്കുനീക്കത്തിനുള്ള ആവശ്യകതകള്‍ പരിഹരിക്കുന്നതിനുള്ള അവസരങ്ങളാണ് കരാര്‍ പ്രകാരം ഈ സ്ഥാപനങ്ങള്‍ കണ്ടെത്തുക. സുസ്ഥിര ഊര്‍ജ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രധാനപ്പെട്ട ഈ മേഖലകളില്‍ പ്രാദേശിക സേവനം വര്‍ധിപ്പിക്കുന്നതിനായി നിര്‍മിത ബുദ്ധി പരിഹാര മാര്‍ഗങ്ങളിലുള്ള അറിവും അധികൃതര്‍ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.