ദുബൈ: യു.എ.ഇയുടെ പേരിൽ റഷ്യയിലെ സർവകലാശാലയിൽ പുതിയ ഹാൾ തുറന്നു. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് മോസ്കോയിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ റിലേഷൻസിൽ ‘യു.എ.ഇ ഹാൾ’ ആരംഭിച്ചത്. റഷ്യയിലെ യു.എ.ഇ അംബാസഡർ ഡോ. മുഹമ്മദ് അഹ്മ്മദ് അൽ ജാബിർ ഹാൾ ഉദ്ഘാടനം ചെയ്തു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, സർവകലാശാല റെക്ടർ ആന്റലി തുർകുനോവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
റഷ്യയുമായി ഏറ്റവും വലിയ വ്യാപാരബന്ധമുള്ള അറബ് രാഷ്ട്രമാണ് യു.എ.ഇ. ഇരുരാജ്യങ്ങളും തമ്മിലെ സുദൃഢ ബന്ധം പ്രതിഫലിക്കുന്നതാണ് സർവകലാശാലയിലെ പുതിയ ഹാളിന് യു.എ.ഇയുടെ പേരിട്ടത്. ഇരുരാജ്യങ്ങളും വ്യാപാര-നിക്ഷേപ ബന്ധം ശക്തിപ്പെടുത്താൻ ആലോചന സജീവമായ ഘട്ടത്തിൽ കൂടിയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. റഷ്യ-യു.എ.ഇ വ്യാപാരം 1000 കോടി ഡോളറിലേക്ക് എത്തുകയാണെന്ന് ചടങ്ങിൽ സംസാരിച്ച വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളുടെ പുതിയ പട്ടികയിൽ ഇടംപിടിക്കാൻ യു.എ.ഇക്ക് പിന്തുണ നൽകിയതും അദ്ദേഹം സംസാരത്തിൽ വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കയിൽ നടന്ന ഉച്ചകോടിയിൽ സൗദി, ഈജിപ്ത്, ഇറാൻ, ഇത്യോപ്യ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യു.എ.ഇയും ബ്രിക്സിൽ ചേർക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.